ഷഹീന്‍ ഷാ അഫ്രീദിയുടെ അഭാവം ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് വലിയ ആശ്വാസമാണ് എന്നായിരുന്നു വഖാന്‍ യൂനിസിന്‍റെ ട്വീറ്റ്
ലാഹോര്‍: ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ യുവപേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ അഭാവം ടീം ഇന്ത്യക്ക് ആശ്വാസമെന്ന് ട്വീറ്റ് ചെയ്ത വഖാര്‍ യൂനിസിന് കലക്കന്‍ മറുപടിയുമായി ഇന്ത്യന്‍ മുന്‍താരം ഇര്‍ഫാന്‍ പത്താന്‍. ട്വിറ്ററിലൂടെയാണ് വഖാറിന് വായടപ്പിക്കുന്ന മറുപടി ഇര്‍ഫാന്‍ നല്‍കിയത്.
'ഷഹീന്‍ ഷാ അഫ്രീദിയുടെ അഭാവം ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് വലിയ ആശ്വാസമാണ്. ഏഷ്യാ കപ്പില്‍ അദ്ദേഹത്തെ കാണാന്‍ കഴിയാത്തത് സങ്കടകരമാണ്. വേഗം ഫിറ്റ്‌നസിലേക്ക് തിരിച്ചുവരിക' എന്നായിരുന്നു ഷഹീന്‍ ടൂര്‍ണമെന്‍റില്‍ കളിക്കില്ലെന്ന വാര്‍ത്ത ഇന്നലെ പുറത്തുവന്നതിന് പിന്നാലെ വഖാര്‍ യൂനിസിന്‍റെ ട്വീറ്റ്. ഇതിന് പിന്നാലെ വഖാറിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പുറമെയാണ് ഉരുളയ്‌ക്ക് ഉപ്പേരി മാതൃകയില്‍ ഇര്‍ഫാന്‍ പത്താന്‍റെ പ്രതികരണവും. 'ഏഷ്യാ കപ്പില്‍ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും കളിക്കാത്തത് മറ്റ് ടീമുകള്‍ക്ക് ആശ്വാസമാണ്' എന്നാണ് ഇര്‍ഫാന്‍റെ ട്വീറ്റ്. പരിക്കിനെ തുടര്‍ന്നാണ് ബുമ്രയും ഹര്‍ഷലും ഏഷ്യാ കപ്പില്‍ ഇക്കുറി കളിക്കാത്തത്.
ഗോളില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെയാണ് ഷഹീന്‍ ഷാ അഫ്രീദിയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. അതിന് ശേഷം നെതര്‍ലന്‍ഡ്‌സിനെതിരായ പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഷഹീനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരത്തിന് കളിക്കാനായില്ല. ഇതിന് പിന്നാലെയാണ് താരത്തിന് ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയും നഷ്‌ടമാകുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. പിസിബിയുടെ മെഡിക്കല്‍ സംഘം നാല് മുതല്‍ ആറ് ആഴ്‌ച വരെ വിശ്രമം ഷഹീന് നിര്‍ദേശിച്ചു. ടി20 ലോകകപ്പിന് മുമ്പ് താരത്തിന്‍റെ ഫിറ്റ്‌നസ് വീണ്ടെടുക്കാനാകും പാക് ബോര്‍ഡിന്‍റെ ശ്രമം. ഏഷ്യാ കപ്പില്‍ ഷഹീന്‍റെ പകരക്കാരനെ പിസിബി പ്രഖ്യാപിച്ചിട്ടില്ല.
ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കെതിരെ ഏറ്റവും നിര്‍ണായകമാകും എന്ന് കരുതിയ പാക് ഇടംകൈയന്‍ പേസറാണ് ഷഹീന്‍ ഷാ അഫ്രീദി. ഏഷ്യാ കപ്പില്‍ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ-പാക് ടീമുകള്‍ മുഖാമുഖം വരാന്‍ സാധ്യതയുള്ളതിനാല്‍ താരത്തിന്‍റെ അഭാവം ബാബര്‍ അസമിനും സംഘത്തിനും കനത്ത പ്രഹരമാകും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ 10 വിക്കറ്റിന് തോല്‍പിച്ചപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദി നാല് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി കളിയിലെ താരമായിരുന്നു. ഇന്ത്യയുടെ ടോപ് ത്രീയായ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരെയാണ് ഷഹീന്‍ അഫ്രീദി അന്ന് പുറത്താക്കിയത്. ഇതാണ് ഇക്കുറി ഷഹീന്‍റെ അഭാവം ഇന്ത്യക്ക് ആശ്വാസമാണ് എന്ന് വഖാര്‍ ട്വീറ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഷഹീന്‍ അഫ്രീദിയുടെ പരിക്ക് അക്കാരണത്താല്‍? പിസിബിക്കെതിരെ ചോദ്യചിഹ്നമുയര്‍ത്തി മുന്‍താരം
