കഴിഞ്ഞ ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ ഇന്ത്യയെ പാകിസ്ഥാന്‍ 10 വിക്കറ്റിന് തോല്‍പിച്ചപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദിയായിരുന്നു കളിയിലെ താരം
ലാഹോര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് പാകിസ്ഥാന് കനത്ത തിരിച്ചടിയായിരിക്കുകയാണ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ പരിക്ക്. പരിക്ക് ഭേദമാകാത്ത താരം ഏഷ്യാ കപ്പില്‍ നിന്ന് ഇതിനകം പുറത്തായിക്കഴിഞ്ഞു. ഷഹീന്‍റെ പരിക്കിന് പിന്നിലെ കാരണത്തിലേക്ക് ചോദ്യചിഹ്നമുയര്‍ത്തിയിരിക്കുകയാണ് പാക് മുന്‍താരം ആഖ്വിബ് ജാവേദ്.
'ഷഹീന്‍ ഷാ അഫ്രീദിയുടെ പരിക്ക് വര്‍ക്ക്‌ലോഡ് കൊണ്ടാകാം. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുകയാണ് താരം. ഏഷ്യാ കപ്പില്‍ താരത്തിന്‍റെ അസാന്നിധ്യം വലിയ തിരിച്ചടിയായിരിക്കും ടീമിനെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്‍റെ അസാന്നിധ്യം ടീമില്‍ നിഴലിക്കും. ടീം മാനേജ്‌മെന്‍റ് ക്ഷമയോടെ കാര്യങ്ങള്‍ നീക്കണം. നിലവിലെ സാഹചര്യത്തില്‍ പേടിക്കാന്‍ പാടില്ല. ഷഹീന്‍ ഷാ അഫ്രീദി പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കട്ടേ. ദീര്‍ഘമായ കരിയറുള്ള താരമാണ് അദ്ദേഹം. ഇടംകൈയന്‍ പേസര്‍മാര്‍ എപ്പോഴും ഇന്ത്യക്ക് ഭീഷണിയായിരുന്നു. 2019 ചാമ്പ്യന്‍സ് ട്രോഫിയില്‍ ആമിര്‍ ഖാന്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. 2021ലെ ടി20 ലോകകപ്പില്‍ ഷഹീന്‍ അഫ്രീദി ഇന്ത്യക്കെതിരെ ടീമിനെ ജയിപ്പിച്ചു' എന്നും ആഖ്വിബ് ജാവേദ് പറഞ്ഞു.
കഴിഞ്ഞ ടി20 ലോകകപ്പിലെ പോരാട്ടത്തിലാണ് ഇരു ടീമുകളും അവസാനമായി മുഖാമുഖം വന്നത്. അന്ന് ഇന്ത്യയെ പാകിസ്ഥാന്‍ 10 വിക്കറ്റിന് തോല്‍പിച്ചപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദിയായിരുന്നു കളിയിലെ താരം. നാല് ഓവര്‍ പന്തെറിഞ്ഞ ഷഹീന്‍ 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇന്ത്യയുടെ ടോപ് ത്രീയായ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരെയാണ് ഷഹീന്‍ അഫ്രീദി പുറത്താക്കിയത്.
ഷഹീന്‍ ഷാ അഫ്രീദിക്ക് ഏഷ്യാ കപ്പ് നഷ്‌ടമാകുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെയാണ് അറിയിച്ചത്. ഗോളില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെയാണ് താരത്തിന് പരിക്കേറ്റത്. പിസിബിയുടെ മെഡിക്കല്‍ സംഘം നാല് മുതല്‍ ആറ് ആഴ്‌ച വരെ വിശ്രമമാണ് ഷഹീന് നിര്‍ദേശിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയും താരത്തിന് നഷ്‌ടമാകും. ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കെതിരെ ഏറ്റവും നിര്‍ണായകമാകും എന്ന് കരുതിയ പാക് ഇടംകൈയന്‍ പേസറാണ് ഷഹീന്‍ ഷാ അഫ്രീദി. ഏഷ്യാ കപ്പില്‍ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ-പാക് ടീമുകള്‍ മുഖാമുഖം വരാന്‍ സാധ്യതയുള്ളതിനാല്‍ താരത്തിന്‍റെ അഭാവം ബാബര്‍ അസമിനും സംഘത്തിനും കനത്ത പ്രഹരമാകും.
പാക് സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്‌തിഖര്‍ അഹമ്മദ്, ഖുസ്‌ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷാനവാസ് ദഹാനി, ഉസ്‌മാന്‍ ഖാദിര്‍.
ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ഇരുട്ടടി; സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി പുറത്ത്
