ഏഷ്യാ കപ്പിൽ ലോകം ഉറ്റുനോക്കിയ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ ഇരു ടീമുകളുടേയും അവസാന മൂന്നോവർ കാണികളെ അമ്പരപ്പിച്ചിരുന്നു

ദുബായ്: ട്വന്‍റി 20യിലെ പുതിയ ബൗളിംഗ് നിയമം ടീമുകൾക്ക് തിരിച്ചടിയാവുന്നു. നിർണായക മത്സരങ്ങളിൽ ഇന്ത്യക്കും ഈ നിയമം വിനയായേക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇക്കാര്യം ഗൗരവത്തോടെ ച‍ർച്ച ചെയ്യുമെന്ന് പേസർ ഭുവനേശ്വർ കുമാര്‍ വ്യക്തമാക്കി. 

ഏഷ്യാ കപ്പിൽ ലോകം ഉറ്റുനോക്കിയ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ ഇരു ടീമുകളുടേയും അവസാന മൂന്നോവർ കാണികളെ അമ്പരപ്പിച്ചിരുന്നു. അഞ്ച് ഫീൽഡർമാരെ സർക്കിളിനുള്ളിൽ വിന്യസിച്ചതായിരുന്നു കാരണം. ഇതോടെ ബൗണ്ടറിലൈനിൽ ഉണ്ടായിരുന്നത് നാല് ഫീൽഡർ മാത്രം. കുറഞ്ഞ ഓവർനിരക്കിനുള്ള ശിക്ഷയായിരുന്നു ഇത്. കഴിഞ്ഞ ജനുവരി മുതലാണ് ബൗളിംഗ് സമയക്രമത്തിൽ പുതിയ നിയമം നടപ്പാക്കിയത്. ഇതനുസരിച്ച് 20 ഓവർ 85 മിനിറ്റിനകം പൂർത്തിയാക്കണം. ഓരോവറിന് നാല് മിനിറ്റും 15 സെക്കൻഡും. 

നിശ്ചിത സമയത്ത് സർക്കിളിനുള്ളിൽ നാല് ഫീൽഡറും വിക്കറ്റ് കീപ്പറും ബൗളറുമാണ് ഉണ്ടാവുക. 85 മിനിറ്റിന് ശേഷം എറിയുന്ന ഓരോ പന്തിനും സർക്കിളിനുള്ളിൽ അഞ്ച് ഫീൽഡർ വേണം. അ‍ഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് ശേഷമുള്ള ഓരോ വിക്കറ്റിനും ബൗളിംഗിന് ടീമിന് ഒരു മിനിറ്റ് അലവൻസ് ലഭിക്കും. മനപ്പൂർവം സമയം നഷ്ടപ്പെടുത്തുന്നത് നിയന്ത്രിക്കേണ്ടതും ഓരോ വിക്കറ്റ് വീഴുന്നതിന് അനുസരിച്ച് സമയം പുനക്രമീകരിക്കേണ്ടതും അംപയറുടെ ചുമതലയാണ്. പുതിയ നിയമം നിർണായക മത്സരങ്ങൾ കൈവിടാൻ കാരണമാവുമെന്നും ഇന്ത്യൻ ടീം ഇക്കാര്യം ഗൗരവത്തോടെ ച‍ർച്ച ചെയ്യുമെന്നും ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ പറഞ്ഞു.

ആദ്യം പന്തെറിഞ്ഞ ഇന്ത്യക്ക് പിഴ ചുമത്തിയിട്ടും ബൗളർമാർ ഇതേ പിഴവ് ആവർത്തിച്ചത് ആദ്യ മത്സരത്തിൽ പാകിസ്ഥാന് തിരിച്ചടിയായി. ഇതാവട്ടെ ഇന്ത്യക്കും ഹാർദിക് പാണ്ഡ്യക്കും ഗുണമാവുകയും ചെയ്തു.

പൊന്നുപോലെ കരുതണം, ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ ടീമിന് കനത്ത വെല്ലുവിളി; ഓസീസിനെതിരെ വിശ്രമം?