Asianet News MalayalamAsianet News Malayalam

കോലി തന്നെ കിംഗ്, ഭൂമിയിലെ ഏറ്റവും മികച്ച താരം; പ്രശംസിച്ച് പാക് താരങ്ങള്‍! കയ്യടിച്ച് ആരാധകർ

ദുബായിലെ സെഞ്ചുറിക്ക് പിന്നാലെ കോലിയെ പ്രശംസിച്ച് പാക് താരങ്ങളുടെ നീണ്ട നിരതന്നെയെത്തി

Asia Cup 2022 Pakistan players tweets for Virat Kohli on his first T20I Century will surprise you
Author
First Published Sep 9, 2022, 12:27 PM IST

ദുബായ്: വിരാട് കോലി മാത്രമല്ല, ക്രിക്കറ്റ് ലോകം ഒന്നാകെ ആ കാത്തിരിപ്പിലായിരുന്നു. 70 രാജ്യാന്തര സെഞ്ചുറികള്‍ കണ്ണുചിമ്മിത്തുറക്കുന്ന നേരം കൊണ്ട് നേടിയൊരു റണ്‍മെഷീന്‍ ആയിരത്തിലധികം ദിവസം മൂന്നക്കമില്ലാതെ പ്രതിസന്ധിയിലായതിന് ഒടുവില്‍ ഇന്നലെയാണ് പരിഹാരമായത്. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തില്‍ അഫ്ഗാനെതിരെയായിരുന്നു കോലിയുടെ കാത്തിരുന്ന ശതകം. കോലിയുടെ ആവേശ സെഞ്ചുറി ഇന്ത്യന്‍ താരങ്ങളെ മാത്രമല്ല, പാക് ക്രിക്കറ്റർമാരെയും ഏറെ സന്തോഷിപ്പിച്ചു എന്നതാണ് ശ്രദ്ധേയം. 

ദുബായിലെ സെഞ്ചുറിക്ക് പിന്നാലെ കോലിയെ പ്രശംസിച്ച് പാക് താരങ്ങളുടെ നീണ്ട നിരതന്നെയെത്തി. ഫോം താല്‍ക്കാലികമാണ്, ക്ലാസ് സ്ഥിരവും എന്ന പ്രയോഗത്തിലൂന്നിയായിരുന്നു പേസ് ഇതിഹാസം വഖാർ യൂനിസിന്‍റെ ട്വീറ്റ്. ഭൂമിയിലെ ഏറ്റവും മികച്ച താരം എന്നായിരുന്നു ഇമാദ് വസീമിന്‍റെ ട്വീറ്റ്. കോലി ശരിയായ കിംഗാണ് എന്ന് കമ്രാന്‍ അക്മല്‍ കുറിച്ചു. കാത്തിരിപ്പിന് അവസാനം, കിംഗ് കോലിക്ക് മഹത്തായ ശതകം എന്നായിരുന്നു മുഹമ്മദ് ആമിറിന്‍റെ ട്വീറ്റ്. റണ്‍മെഷീന്‍ തിരിച്ചെത്തിയത് സന്തോഷം നല്‍കുന്നു എന്ന് വഹാബ് റിയാസ് എഴുതി. ഇതിലൊന്നും ഒതുങ്ങുന്നില്ല. കോലിക്ക് പ്രശംസയുമായി പാക് താരങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ടായിരുന്നു. 

ഇന്ത്യ-പാക് താരങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധം ഒന്നുകൂടി ഉറപ്പിക്കുന്നതായി ഈ ട്വീറ്റുകള്‍. ഏഷ്യാ കപ്പിലനിടെ ഇന്ത്യ-പാക് താരങ്ങള്‍ സൗഹൃദം പങ്കിടുന്നത് വലിയ കാഴ്ചയായിരുന്നു. പരിക്കേറ്റ ഷഹീന്‍ അഫ്രീദിയെ ഇന്ത്യന്‍ താരങ്ങള്‍ സന്ദർശിച്ചതും സെഞ്ചുറി നേടാന്‍ പ്രാർഥിക്കുന്നുണ്ട് എന്ന് കോലിയോട് ഷഹീന്‍ പറഞ്ഞതും എല്ലാം വൈറലായിരുന്നു. ഹാർദിക് പാണ്ഡ്യ-മുഹമ്മദ് റിസ്‍വാന്‍ ചങ്ങാത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരു ടീമുകളുടെ പരിശീലകരും ഏഷ്യാ കപ്പിനിടെ സൗഹൃദം പുതുക്കിയിരുന്നു. 

ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരെ വിരാട് കോലി 61 പന്ത് നേരിട്ട് 12 ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 122 റണ്‍സെടുത്തു. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ ശതകമാണിത്. കോലിയുടെ രാജ്യാന്തര കരിയറിലെ 71-ാം സെഞ്ചുറി കൂടിയാണിത്. കോലിയുടെ സെഞ്ചുറിക്ക് പുറമെ പേസർ ഭുവനേശ്വർ കുമാർ നാല് ഓവറില്‍ വെറും 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഇന്ത്യ 101 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടി. 

ആവശ്യത്തിനായി, ഇനിയെന്തിന് രോഹിത് ശർമ്മയ്ക്ക് വിശ്രമം; ടീം സെലക്ഷനെ ചോദ്യം ചെയ്ത് ഗംഭീർ

Follow Us:
Download App:
  • android
  • ios