പരിക്കേറ്റ് ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായ ജഡേജയ്‌ക്ക് ലോകകപ്പും നഷ്‌ടമാകും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു

ദുബായ്: പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായി എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. താരത്തിന്‍റെ പരിക്കിന്‍റെ ഗൗരവത്തെ കുറിച്ച് വ്യക്തത ലഭിക്കും വരെ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും ലോകകപ്പില്‍ കളിക്കില്ല എന്ന് പറയാന്‍ ഇപ്പോള്‍ താല്‍പര്യപ്പെടുന്നില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. പരിക്കേറ്റ് ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായ ജഡേജയ്‌ക്ക് ലോകകപ്പും നഷ്‌ടമാകും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

'ജഡേജയുടെ കാല്‍മുട്ടിന് പരിക്കേറ്റിട്ടുണ്ട്. തീര്‍ച്ചയായും അദ്ദേഹം ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ജഡേജ. താരത്തെ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ പരിശോധിക്കും. ലോകകപ്പിലേക്ക് മതിയായ ദൂരമുണ്ട് നമുക്കിപ്പോള്‍. അതിനാല്‍ താരം ലോകകപ്പില്‍ കളിക്കുമെന്നും ഇല്ലെന്നും നിഗമനത്തിലെത്താന്‍ ഇപ്പോഴായിട്ടില്ല. നമുക്ക് കാത്തിരുന്ന് അറിയാം എന്താണ് സംഭവിക്കുകയെന്ന്. പരിക്ക് കായികരംഗത്തിന്‍റെ ഭാഗമാണ്. അത് കൈകാര്യം ചെയ്യുക ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. പരിക്കിന്‍റെ കാഠിന്യവും ചികില്‍സയും അനുസരിച്ചായിരിക്കും ഏതൊരു താരത്തിന്‍റേയും തിരിച്ചുവരവ്. വ്യക്തമായ ചിത്രം ലഭിക്കും വരെ താരത്തെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കാനോ കൂടുതല്‍ കമന്‍റുകള്‍ പറയാനോ താല്‍പര്യപ്പെടുന്നില്ല. ലോകകപ്പ് ആറ്-ഏഴ് ആഴ്‌ചകള്‍ അകലെയാണ്' എന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. 

ട്വന്‍റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് തലവേദനയായിരിക്കുകയാണ് രവീന്ദ്ര ജഡേജയുടെ പരിക്ക്. ജഡേജയ്ക്ക് ഏഷ്യാ കപ്പിന് പിന്നാലെ ലോകകപ്പും നഷ്ടമായേക്കും എന്നും ഇന്നലെ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഷ്യാ കപ്പിനിടെ കാൽമുട്ടിന് പരിക്കേറ്റ ജഡേജ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാവും. പരിക്ക് ഗുരുതരമായതിനാൽ ജഡേജയ്ക്ക് എന്നത്തേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് വ്യക്തമല്ല. നിലവിലെ സാഹചര്യത്തിൽ മൂന്ന് മാസമെങ്കിലും ജഡേജ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കുമെന്നാണ് സൂചന. അതാണ് താരത്തിന്‍റെ ലോകകപ്പ് പങ്കാളിത്തം പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. 

ടി20 ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ സൂപ്പർ ഓൾറൗണ്ടർ പുറത്തേക്ക്; പകരമാര്?