വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ആരാധകരുടെ ചിത്രങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കായി പങ്കുവെച്ചത്

ദുബായ്: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വൈരത്തിന്‍റെ കഥയാണ് ഇന്ത്യ-പാക് പോരാട്ടങ്ങള്‍ക്ക് എന്നും പറയാനുള്ളത്. എങ്കിലും ഇരു ടീമുകളും തമ്മിലുള്ള പോരാട്ടവീര്യത്തിനപ്പുറം താരങ്ങളും ആരാധകരുമെല്ലാം ഊഷ്‌മള ബന്ധം സൂക്ഷിച്ചുവരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് ഈ നല്ല മാതൃക ഒരിക്കല്‍ക്കൂടി കാട്ടിയിരിക്കുകയാണ് ഇരു ടീമിന്‍റേയും ആരാധകര്‍. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ ഇന്ത്യ-പാക് ആരാധകര്‍ ഒന്നിച്ച് പോസ് ചെയ്യുന്നത് കാണാനായി. ഇരു ടീമിന്‍റേയും ആരാധകരുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. 

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ആരാധകരുടെ ചിത്രങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കായി പങ്കുവെച്ചത്. ഇരു രാജ്യങ്ങളുടേയും പതാകയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ ബാനറുമെല്ലാം ചിത്രങ്ങളില്‍ കാണാം. ദുബായില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ മണിക്കൂറുകള്‍ മുന്നേ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു. 

Scroll to load tweet…

പാകിസ്ഥാനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെരഞ്ഞെടുത്തു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്. വിരാട് കോലിയുടെ 100-ാം രാജ്യാന്തര ടി20യാണ് ഇന്ന് നടക്കുന്നത്. അതിനാല്‍ തന്നെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം കോലിയാണ്. 

ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പകരം ഫിനിഷറായ ദിനേശ് കാര്‍ത്തിക്കാണ് അന്തിമ ഇവലനില്‍ ഇടം നേടിയത്. ഭുവനേശ്വര്‍ കുമാറിനും അര്‍ഷ്‌‌ദീപ് സിംഗിനുമൊപ്പം മൂന്നാം പേസറായി ആവേശ് ഖാനും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് പാക്കിസ്ഥാന്‍റെ ബൗളിംഗ് നിര. യുവപേസര്‍ നസീം ഷാ പാക് ടീമില്‍ ഇന്ന് അരങ്ങേറ്റം കുറിക്കുന്നു.

'പണ്ട് സച്ചിനായി ഗാലറി ആര്‍പ്പുവിളിച്ചതുപോലെ'; കോലി പരിശീലനത്തിനിറങ്ങിയപ്പോഴുള്ള അനുഭവവുമായി പത്താന്‍