Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പില്‍ ജസ്‌പ്രീത് ബുമ്രയെ ഇന്ത്യന്‍ ടീം മിസ് ചെയ്യും; കാരണങ്ങള്‍ നിരത്തി സല്‍മാന്‍ ബട്ട്

ഓസ്‌ട്രേലിയയിലെ ടി20 ലോകകപ്പിന് മുമ്പ് താരത്തെ പൂര്‍ണ കായികക്ഷമതയോടെ നിലനിര്‍ത്തണം എന്നുള്ളതുകൊണ്ടാണ് ഏഷ്യ കപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത് 

Asia Cup 2022 Team India will certainly miss pacer Jasprit Bumrah feels Salman Butt
Author
Lahore, First Published Aug 9, 2022, 3:03 PM IST

ലാഹോര്‍: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജസ്‌പ്രീത് ബുമ്രയാണ് ഇന്ത്യന്‍ പേസാക്രമണം നയിക്കുന്നത്. എന്നാല്‍ ഈ വരുന്ന ഏഷ്യാ കപ്പില്‍ ബുമ്ര കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് ബുമ്രയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികില്‍സയിലും പരിശീലനത്തിലുമാണ് ബും ബും ബുമ്ര. താരത്തെ ഇന്ത്യ ഏഷ്യാ കപ്പില്‍ ഏറെ മിസ് ചെയ്യും എന്നാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട് പറയുന്നത്. 

യുവ പേസര്‍മാരെ കുറിച്ചും...

'ജസ്‌പ്രീത് ബുമ്രയെ ടീം ഇന്ത്യ ഉറപ്പായും മിസ് ചെയ്യും. ബുമ്രയെ പോലൊരു ബൗളറുടെ അഭാവം ടീമിന്‍റെ പ്രകടനത്തില്‍ തീര്‍ച്ചയായും നിഴലിക്കും. കഴിവുള്ള ബൗളര്‍ എന്നതിലുപരി മികച്ച പരിചയസമ്പത്തും അദേഹത്തിനുണ്ട്. ന്യൂബോളിന്‍റെ മികച്ച ഉപയോഗവും അവസാന ഓവറുകളിലെ ബൗളിംഗ് മികവും കൊണ്ട് മാച്ച് വിന്നറാണ് ബുമ്ര. ഇന്ത്യയുടെ യുവ പേസര്‍മാര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എല്ലാവരും മുമ്പ് രാജ്യാന്തര മത്സരം കളിച്ചവരാണ്. അതിന്‍റെ ആത്മവിശ്വാസം അവര്‍ക്കുണ്ടാവും. ബുമ്രയാണ് ഇന്ത്യയുടെ മികച്ച പേസറെങ്കിലും ഏഷ്യാ കപ്പ് സ്‌ക്വാഡിലുള്ള മറ്റ് ഇന്ത്യന്‍ വേഗക്കാര്‍ മോശക്കാരല്ല' എന്നും സല്‍മാന്‍ ബട്ട് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ഏഷ്യാ കപ്പില്‍ രോഹിത് ശർമ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. വിരാട് കോലിയും കെ എല്‍ രാഹുലും ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ രാഹുൽ വൈസ് ക്യാപ്റ്റനായി തുടരും. സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് ടീമിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ജസ്‌പ്രീത് ബുമ്രക്ക് പുറമെ പേസര്‍ ഹര്‍ഷല്‍ പട്ടേലിനേയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ലോകകപ്പ് കാത്ത് ബുമ്ര

പുറംവേദനയെ തുടര്‍ന്നാണ് ജസ്‌പ്രീത് ബുമ്രക്ക് ഏഷ്യാ കപ്പ് നഷ്ടമാവുന്നത്. ഓസ്‌ട്രേലിയയിലെ ടി20 ലോകകപ്പിന് മുമ്പ് താരത്തെ പൂര്‍ണ കായികക്ഷമതയോടെ നിലനിര്‍ത്തണം എന്നുള്ളതുകൊണ്ടാണ് ഏഷ്യ കപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. യുഎഇയില്‍ ഈമാസം 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ജൂലൈ 14ന് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന- ടി20 മത്സരങ്ങളില്‍ നിന്ന് ജസ്‌പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചിരുന്നു. 

ധവാന്‍ മുതല്‍ സഞ്ജു വരെ; തല്ലും തലോടലും കൊണ്ട് ഏഷ്യാ കപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ പ്രധാനികള്‍ ഇവര്‍


 

Latest Videos
Follow Us:
Download App:
  • android
  • ios