ഫോമില്ലായ്‌മയുടെ പേരിലുള്ള വിമര്‍ശനം ശക്തമായതോടെ വിന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് കോലി ഏഷ്യാ കപ്പിലൂടെ തിരിച്ചുവരുന്നത് 

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിക്ക് ഏറെ നിര്‍ണായകമായ ടൂര്‍ണമെന്‍റാണ് ഏഷ്യാ കപ്പ്. ഏഷ്യാ കപ്പില്‍ക്കൂടി കാലിടറിയാല്‍ കോലിയുടെ ടി20 ലോകകപ്പ് സാധ്യതകള്‍ തന്നെ വിമര്‍ശകര്‍ എയറിലാക്കും. കരിയറിലെ ഏറ്റവും മോശം കാലത്തുകൂടെ കടന്നുപോകുന്ന കോലി ഏഷ്യാ കപ്പിലൂടെ ശക്തമായി തിരിച്ചുവരുമെന്ന സൂചനകളാണ് ദുബായിലെ ആദ്യ പരിശീലന സെഷനില്‍ നല്‍കിയത്. നെറ്റ്‌സില്‍ സ്‌പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിനെയും രവീന്ദ്ര ജഡേജയെയും രവിചന്ദ്ര അശ്വിനേയും കാര്യമായി കൈകാര്യം ചെയ്തു കിംഗ്‌ കോലി. 

1000 ദിവസത്തിലേറെയായി സെഞ്ചുറിയില്ലാതെ ഉഴലുകയാണ് വിരാട് കോലി. ഫോമില്ലായ്‌മയുടെ പേരിലുള്ള വിമര്‍ശനം ശക്തമായതോടെ വിന്‍ഡീസ്, സിംബാബ്‌വെ പര്യടനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് കോലി ഏഷ്യാ കപ്പിലൂടെ തിരിച്ചുവരുന്നത്. ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കോലിക്ക് ഏറെ നിര്‍ണായകമാണ് യുഎഇയിലെ പോരാട്ടങ്ങള്‍. അതിനാല്‍ ടൂര്‍ണമെന്‍റില്‍ റണ്ണൊഴുക്കാന്‍ നെറ്റ്‌സില്‍ കഠിനാധ്വാനം ചെയ്യുകയാണ് ഇന്ത്യയുടെ റണ്‍മെഷീന്‍. 

തന്‍റെ ബാറ്റിംഗ് പിഴവുകളെ കുറിച്ച് ബോധ്യമുണ്ട് എന്ന കോലിയുടെ തുറുന്നുപറച്ചിലും താരത്തിന്‍റെ തിരിച്ചുവരവിനെ കുറിച്ച് സൂചന നല്‍കുന്നു. 'ബാറ്റിംഗിലെ പിഴവുകൾ എന്താണെന്ന് നല്ല ധാരണയുണ്ട്. പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്'- എന്നാണ് കോലിയുടെ വാക്കുകള്‍. ഫോം ഔട്ട് സംബന്ധിച്ച് ചർച്ചകൾ തുടരുന്നതിനിടെയാണ് കോലിയുടെ പ്രതികരണം. 'കരിയറിൽ ഉയർച്ചതാഴ്‌ചകൾ ഉണ്ടാകുന്നത് സാധാരണമാണ്. എത്രത്തോളം സ്ഥിരതയോടെ കളിക്കുക എന്നതാണ് പ്രധാനം' എന്നും കോലി കൂട്ടിച്ചേര്‍ത്തു. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഞായറാഴ്‌‌ച പാകിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ അത് കോലിയുടെ നൂറാമത്തെ അന്താരാഷ്‍ട്ര ടി20 മത്സരം കൂടിയാണ്.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

ആശാനായി ലക്ഷ്‌മണ്‍, പയറ്റിത്തെളിയാന്‍ രോഹിത് ശര്‍മ്മയും സംഘവും; പാക് പോരിന് ഇന്ത്യ ഒരുക്കം തുടങ്ങി