Asianet News MalayalamAsianet News Malayalam

ഷഹീന്‍ അഫ്രീദിയുടെ അസാന്നിധ്യം പാകിസ്ഥാന് കനത്ത തിരിച്ചടി; കാരണം വ്യക്തമാക്കി വസീം അക്രം

ഷഹീന്‍ ഷാ അഫ്രീദിയുടെ അഭാവം പാകിസ്ഥാന്‍ കടുത്ത തലവേദനയാകുമെന്നാണ് ഇന്‍സമാം ഉള്‍ ഹഖ് നേരത്തെ പറഞ്ഞിരുന്നു

Asia Cup 2022 Wasim Akram reveals why Shaheen Afridi absence big setback for Pakistan
Author
Dubai - United Arab Emirates, First Published Aug 24, 2022, 2:19 PM IST

ദുബായ്: യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ഏഷ്യാ കപ്പ് തുടങ്ങും മുമ്പേ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത് പാകിസ്ഥാന് കനത്ത തിരിച്ചടിയാണെന്ന് പാക് മുന്‍ നായകന്‍ വസീം അക്രം. ഷഹീന്‍റെ അഭാവത്തോടെ പാക് പേസ് നിരയിലെ വൈവിധ്യം ഇല്ലാതായതായി അക്രം നിരീക്ഷിക്കുന്നു. 

'ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ ടീം ഷഹീന്‍ ഷാ അഫ്രീദിനെ ഏറെ മിസ് ചെയ്യും. ന്യൂ ബോളില്‍ പ്രധാനപ്പെട്ട ബൗളറാണ് അദ്ദേഹം. ടി20യില്‍ എതിരാളികളെ ചെറിയ സ്കോറില്‍ ചുരുക്കണമെങ്കില്‍ തുടക്കത്തിലെ വിക്കറ്റുകള്‍ നേടണം. അതാണ് ഷഹീന്‍ അഫ്രീദി ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് നേടുന്ന ബൗളറാണ്. വേണ്ടത്ര വിശ്രമമെടുത്തില്ല എന്ന വിമര്‍ശനം ഷഹീന്‍റെ കാര്യത്തിലുണ്ട്. കാല്‍മുട്ടിലെ പരിക്ക് മാറാന്‍ സമയമെടുക്കും. എന്നാല്‍ പരിക്ക് വീണ്ടും വന്നേക്കാമെന്ന ഭയം എപ്പോഴും കാണും. ലോകത്തെ മികച്ച മൂന്ന് ബൗളര്‍മാരില്‍ ഒരാളാണ് ഷഹീന്‍ ഷാ അഫ്രീദി. അദ്ദേഹത്തെ പാകിസ്ഥാന്‍ ടീം ഏറെ മിസ് ചെയ്യും. പാക് ബൗളിംഗ് ടീമിന് വേഗമുണ്ട്. എന്നാല്‍ ഷഹീന്‍ പുറത്തായതോടെ ഇടംകൈയന്‍ വേരിയേഷന്‍ ഇല്ലാതായി. ബാക്കിയുള്ളവരെല്ലാം വലംകൈയന്‍ പേസര്‍മാരാണ്' എന്നും വസീം അക്രം കൂട്ടിച്ചേര്‍ത്തു. 

ഷഹീന്‍ ഷാ അഫ്രീദിയുടെ അഭാവം പാകിസ്ഥാന്‍ കടുത്ത തലവേദനയാകുമെന്നാണ് ഇന്‍സമാം ഉള്‍ ഹഖ് നേരത്തെ പറഞ്ഞിരുന്നു. 'ഷഹീന്‍റെ അഭാവം പാകിസ്ഥാനെ ആഴത്തില്‍ ബാധിക്കും. ഇന്ത്യയും പാകിസ്ഥാനും അവസാനം നേര്‍ക്കുനേര്‍ അവരുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്തത് അഫ്രീദിയായിരുന്നു. ആദ്യ ഓവര്‍ മുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അഫ്രീദിക്കായിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തില്‍ ഒരു താരം പാകിസ്ഥാന്‍ ടീമിലില്ല. ഇന്ത്യയാവട്ടെ തിരിച്ചടിക്കാനുള്ള ഒരുക്കത്തിലായിരിക്കും'- ഇന്‍സി വ്യക്തമാക്കി. നേരത്തെ, പാകിസ്ഥാന്‍ പരിശീലകന്‍ സഖ്‌ലെയ്ന്‍ മുഷ്താഖും ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. അഫ്രീദിയുടെ അഭാവം കടുത്ത ആഘാതം തന്നെയാണെന്ന് സഖ്‌ലെയ്ന്‍ സമ്മതിക്കുകയായിരുന്നു. 

ഇത്തവണ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് കനത്ത ഭീഷണിയാവും എന്ന് കരുതിയ ബൗളറാണ് ഇടംകൈയനായ ഷഹീന്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ 10 വിക്കറ്റിന് തോല്‍പിച്ചപ്പോള്‍ മൂന്ന് പേരെ പുറത്താക്കി ഷഹീന്‍ അഫ്രീദിയായിരുന്നു കളിയിലെ താരം. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരെയാണ് ഷഹീന്‍ അഫ്രീദി അന്ന് പുറത്താക്കിയത്. ഷഹീന്‍റെ പകരക്കാരനായി വലങ്കയ്യന്‍ പേസര്‍ മുഹമ്മദ് ഹസ്‌നൈനെയാണ് പിസിബി പാക് ടീമില്‍ ഉള്‍പ്പെടുത്തിയത്. 18 ടി20 മത്സരങ്ങളില്‍ 17 വിക്കറ്റുകള്‍ ഹസ്‌നൈന്‍ വീഴ്ത്തിയിട്ടുണ്ട്. 

ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തോണ്ടിയ ട്വീറ്റ്; വഖാര്‍ യൂനിസിന്‍റെ വായടപ്പിച്ച് ഇര്‍ഫാന്‍ പത്താന്‍


 

Latest Videos
Follow Us:
Download App:
  • android
  • ios