ഞാന്‍ പുറത്തിരിക്കണോ എന്നാണ് നിങ്ങള്‍ പറയുന്നത് എന്നായിരുന്നു ചിരിച്ചുകൊണ്ട് കെ എല്‍ രാഹുലിന്‍റെ മറുപടി

ദുബായ്: ഏഷ്യാ കപ്പില്‍ സൂപ്പർ ഫോർ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്കായി വിരാട് കോലി സെഞ്ചുറി നേടിയത് ഓപ്പണറായി ഇറങ്ങിയായിരുന്നു. രോഹിത് ശർമ്മയ്ക്ക് വിശ്രമം നല്‍കിയതോടെയാണ് കെ എല്‍ രാഹുലിനൊപ്പം കോലി ഓപ്പണറായത്. ആ പരീക്ഷണം വിജയിച്ചപ്പോള്‍ ഇനി വരാനിരിക്കുന്ന പരമ്പരകളിലും ടി20 ലോകകപ്പിലും കോലി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമോ എന്ന ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് മത്സര ശേഷം നായകന്‍ കെ എല്‍ രാഹുല്‍ നല്‍കിയത്. 

ഐപിഎല്ലില്‍ ഓപ്പണറായി അഞ്ച് സെഞ്ചുറികള്‍ നേടിയ താരമാണ് വിരാട് കോലി. കോലി ഇന്നും ശതകം നേടി. അങ്ങനെയൊരു താരത്തെ വരും മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയക്കും എതിരെയും ടി20 ലോകകപ്പിലും ഓപ്പണറായി കോലിയെ ഇറക്കാമെന്ന് ടീം മാനേജ്മെന്‍റിനോട് നിർദേശിക്കുമോ എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. ഞാന്‍ പുറത്തിരിക്കണോ എന്നാണ് നിങ്ങള്‍ പറയുന്നത് എന്നായിരുന്നു ചിരിച്ചുകൊണ്ട് കെ എല്‍ രാഹുലിന്‍റെ മറുപടി. 

'വിരാട് റണ്‍സസ് കണ്ടെത്തുന്നത് ടീമിന് മെച്ചമാണ്. ഇന്ന് ബാറ്റ് ചെയ്ത രീതി ഗംഭീരം. ഇന്ന് കോലിയുടെ എല്ലാ തയ്യാറെടുപ്പുകളും വിജയിച്ചു. പ്രധാനപ്പെട്ട താരങ്ങള്‍ ഇതുപോലുള്ള ഇന്നിംഗ്സുകള്‍ കളിക്കുന്നത് ലോകകപ്പിന് മുമ്പ് ടീമിന് ഗുണകരമാണ്. രണ്ടുമൂന്ന് മികച്ച ഇന്നിംഗ്സുകകള്‍ കളിക്കാനായാല്‍ ആത്മവിശ്വാസം ഉയരും. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇത് സഹായിക്കും. കോലിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നമുക്കറിയാം. ഓപ്പണിംഗ് ഇറങ്ങുമ്പോള്‍ സെഞ്ചുറി നേടുന്നത് മാത്രമല്ല. ടീമില്‍ വെവ്വേറെ ചുമതലകളുണ്ട്. കോലി അദ്ദേഹത്തിന്‍റെ ചുമതല ഗംഭീരമാക്കി. അടുത്ത പരമ്പര ടീം കളിക്കുമ്പോള്‍ കോലിയുടെ റോള്‍ മറ്റൊന്നാകും. ആ സ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കോലി തരും. അതിനാല്‍ കോലിയുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ചോദ്യങ്ങള്‍ക്ക് പ്രസക്തയില്ല' എന്നും രാഹുല്‍ പറഞ്ഞു. 

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തില്‍ അഫ്ഗാനെ 101 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍ ആദ്യ രാജ്യാന്തര ടി20 സെഞ്ചുറിയുമായി വിരാട് കോലിയായിരുന്നു മത്സരത്തിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്ത്യ വിരാട് കോലിയുടെ സെഞ്ചുറിക്കരുത്തില്‍ നിശ്ചിത ഓവറില്‍ 212 റണ്‍സ് പടുത്തുയർത്തി. കോലി 61 പന്ത് നേരിട്ട് 12 ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 122 റണ്‍സെടുത്തു. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ ശതകമാണിത്. കോലിയുടെ രാജ്യാന്തര കരിയറിലെ 71-ാം സെഞ്ചുറി കൂടിയാണിത്. കെ എല്‍ രാഹുല്‍ 41 പന്തില്‍ 62 റണ്‍സെടുത്തതും നിർണായകമായി. 

കോലിയുടെ അടിയോ, ഭുവിയുടെ ഏറോ മാത്രമല്ല; തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അഫ്‍ഗാന്‍ നായകന്‍