പരിക്കേറ്റ ഷഹീന്‍ അഫ്രീദിയെ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ കെ എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും കണ്ടുമുട്ടി

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് ആവേശത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇരു ടീമുകളുടേയും ആരാധകര്‍. ക്രിക്കറ്റിലെ സൂപ്പര്‍ ഡര്‍ബി പോരാട്ടത്തില്‍ പക്ഷേ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയില്ലാത്തത് പാകിസ്ഥാന് തിരിച്ചടിയാണ്. കാല്‍മുട്ടിന് പരിക്കേറ്റ ഷഹീന്‍ സുഖംപ്രാപിച്ചുവരുന്നതേയുള്ളൂ. ദുബായില്‍ പാക് ടീം പരിശീലനത്തിനെത്തിയപ്പോള്‍ ഷഹീനെ ഇന്ത്യന്‍ താരങ്ങള്‍ കണ്ടുമുട്ടി. 

പരിക്കേറ്റ ഷഹീന്‍ അഫ്രീദിയെ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ കെ എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും കണ്ടുമുട്ടി. ഷഹീന്‍റെ പരിക്കിനെ കുറിച്ച് ആരാഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ താരം വേഗം സുഖംപ്രാപിക്കാന്‍ ആശംസകള്‍ നേര്‍ന്നു. പരിക്ക് പൂര്‍ണമായി മാറാന്‍ അഞ്ച് ആഴ്‌ചകള്‍ വേണമെന്ന് ഷഹീന്‍ ഇന്ത്യന്‍ താരങ്ങളോട് പറഞ്ഞു. റിഷഭ് പന്ത് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു ഷഹീന്‍ ഷാ അഫ്രീദി. ഷഹീനും ഇന്ത്യന്‍ താരങ്ങളുമായുള്ള കൂടിക്കാഴ്‌ച പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററില്‍ പങ്കുവെച്ചു. വീഡിയോയ്‌ക്ക് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. 

Scroll to load tweet…

ഗോളില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെയാണ് ഷഹീന്‍ ഷാ അഫ്രീദിയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. അതിന് ശേഷം നെതര്‍ലന്‍ഡ്‌സിനെതിരായ പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഷഹീനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാനായില്ല. ഏഷ്യാ കപ്പിന് പുറമെ താരത്തിന് ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയും നഷ്‌ടമാകും. 

ഞായറാഴ്‌ചയാണ് ഏഷ്യാ കപ്പില്‍ ആദ്യ ഇന്ത്യ-പാക് പോരാട്ടം. മത്സരത്തില്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഷഹീന്‍ ഷാ അഫ്രീദി പരിക്കേറ്റ് പുറത്തായത്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇന്ത്യ-പാക് ടീമുകള്‍ ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. അന്ന് ഇന്ത്യയെ പാകിസ്ഥാന്‍ 10 വിക്കറ്റിന് തോല്‍പിച്ചപ്പോള്‍ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരെ പുറത്താക്കി ഷഹീന്‍ അഫ്രീദിയായിരുന്നു കളിയിലെ താരം. ഷഹീന്‍റെ പകരക്കാരനായി വലങ്കയ്യന്‍ പേസര്‍ മുഹമ്മദ് ഹസ്‌നൈനെ സ്‌ക്വാഡിലുള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് ടീമുകള്‍ മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും നീലപ്പടയ്‌ക്കായിരുന്നു വിജയം.

ഏഷ്യാ കപ്പ്: ഒരു പേസര്‍ക്ക് കൂടി പരിക്ക്, ഇന്ത്യക്കെതിരായ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് കനത്ത ആശങ്ക