പതിനെട്ടാം ഓവറിൽ ആസിഫ് അലിയുടെ അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നാലെയാണ് അർഷ്‌ദീപിനെതിരെ സൈബർ ആക്രമണം തുടങ്ങിയത്

ദുബായ്: ഇന്ത്യന്‍ പേസര്‍ അർഷ്‌ദീപ് സിംഗിനെതിരായ ട്രോളുകളും വിമർശനങ്ങളും കാര്യമാക്കുന്നില്ലെന്ന് താരത്തിന്‍റെ മാതാപിതാക്കൾ. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ടീം ഇന്ത്യ ജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിച്ചത്. നിർണായക സമയത്ത് ക്യാച്ച് നഷ്ടപ്പെടുത്തിയാൽ വിമർശനങ്ങൾ ഉണ്ടാവുക സ്വാഭാവികം. സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങൾ അർഷ്ദീപിനെ ബാധിച്ചിട്ടില്ലെന്നും അച്ഛൻ ദർശൻ സിംഗ് ഇന്ത്യ ടുഡേയോട് പറഞ്ഞു. ക്യാച്ചുകൾ നഷ്ടപ്പെടുന്നത് ക്രിക്കറ്റിന്‍റെ ഭാഗമാണെന്നും ആരാധകരുടെ സ്നേഹം കിട്ടുമ്പോൾ ഇത്തരം വിമർശനങ്ങളും പ്രതീക്ഷിക്കണമെന്ന് അമ്മ ദൽജീത് കൗർ പ്രതികരിച്ചു. 

പതിനെട്ടാം ഓവറിൽ ആസിഫ് അലിയുടെ അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പിന്നാലെയാണ് അർഷ്‌ദീപിനെതിരെ സൈബർ ആക്രമണം തുടങ്ങിയത്. വിക്കിപീഡിയയിൽ അ‌ർഷ്‌ദീപിന്‍റെ പേജിൽ ഇന്ത്യ എന്നതിന് പകരം ഖലിസ്ഥാൻ എന്ന് തിരുത്തി. ഇതോടെ കേന്ദ്ര ഐ ടി മന്ത്രാലയം വിക്കിപീഡിയയോട് വിശദീകരണം ആവശ്യപ്പെട്ടു. താരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖർ അറിയിച്ചു. 

സംഭവിച്ചത് എന്ത്? 

മത്സരത്തില്‍ സ്‌പിന്നര്‍ രവി ബിഷ്‌ണോയി 18-ാം ഓവര്‍ എറിയുമ്പോള്‍ പാകിസ്ഥാന് ജയിക്കാന്‍ 34 റണ്‍സ് വേണമായിരുന്നു. ഖുശ്‌ദില്‍ ഷായും ആസിഫ് അലിയുമായിരുന്നു ക്രീസില്‍. മൂന്നാം പന്തില്‍ ആസിഫ് എഡ്‌ജായപ്പോള്‍ അനായാസം എന്ന് തോന്നിച്ച ക്യാച്ച് അര്‍ഷ്‌ദീപ് പാഴാക്കുകയായിരുന്നു. എന്നാല്‍ ഈ സമ്മര്‍ദത്തിനിടയിലും അര്‍ഷ്‌ദീപിനെ അവസാന ഓവര്‍ എല്‍പിച്ചു ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഏഴ് റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ താരം അഞ്ചാം പന്ത് വരെ പോരാട്ടം കാഴ്‌ചവെച്ചു. എങ്കിലും താരത്തിനെതിരായ സൈബര്‍ ആക്രമണത്തിന് അയവുവന്നില്ല. അര്‍ഷ്‌ദീപ് സിംഗിനെ പിന്തുണച്ച് മുന്‍ നായകന്‍ വിരാട് കോലി മത്സരത്തിന് ശേഷം രംഗത്തെത്തിയത് ശ്രദ്ധേയമായി. ഹര്‍ഭജന്‍ സിംഗ്, മുഹമ്മദ് ഷമി തുടങ്ങി നിരവധി പേര്‍ താരത്തിന് പരസ്യ പിന്തുണ നല്‍കി. 

ഇതാണ് ഒരു വല്യേട്ടന്‍റെ സ്‌നേഹം; അര്‍ഷ്‌ദീപ് സിംഗിനെ ചേര്‍ത്തുനിര്‍ത്തി വിരാട് കോലി, വാക്കുകള്‍ ശ്രദ്ധേയം