Asianet News MalayalamAsianet News Malayalam

ആശ്വസിക്കാം, അഫ്ഗാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം! രാഹുലും കോലിയും ഫോമിലെത്തിയത് ലോകകപ്പ് പ്രതീക്ഷ

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ തന്നെ അഫ്ഗാന്‍ തകര്‍ന്നിരുന്നു. ആദ്യ ഏഴ് ഓവറില്‍ ആറിന് 21 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. ഇതില്‍ അഞ്ച് വിക്കറ്റും വീഴ്ത്തിയത് ഭുവനേശ്വറായിരുന്നു. താരത്തിന്റെ ടി20 കരിയര്‍ മികച്ച പ്രകടനമായിരുന്നത്.

India beat Afghanistan by 101 runs in Asia Cup Super Four
Author
First Published Sep 8, 2022, 10:50 PM IST

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ആശ്വാസ ജയം. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 101 റണ്‍സിന്റെ കുറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ (122) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ 212 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാന് എട്ട് വിക്കറ്റ് നഷ്ടത്തല്‍ 111 റണ്‍സെടുക്കാനാണ് സാധിച്ചത്. ഭുവനേശ്വര്‍ കുമാറിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അഫ്ഗാനെ തകര്‍ത്തത്. ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായെങ്കിലും കോലി, കെ എല്‍ രാഹുല്‍ (62) എന്നിവര്‍ ഫോമിലെത്തിയത് വരും ദിവസങ്ങളില്‍ ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ തന്നെ അഫ്ഗാന്‍ തകര്‍ന്നിരുന്നു. ആദ്യ ഏഴ് ഓവറില്‍ ആറിന് 21 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. ഇതില്‍ അഞ്ച് വിക്കറ്റും വീഴ്ത്തിയത് ഭുവനേശ്വറായിരുന്നു. താരത്തിന്റെ ടി20 കരിയര്‍ മികച്ച പ്രകടനമായിരുന്നത്. ഹസ്രത്തുള്ള സസൈ (0), റഹ്മാനുള്ള ഗുര്‍ബാസ് (0), കരീം ജനാത് (2), നജീബുള്ള സദ്രാന്‍ (7), അഹമദുള്ള ഒമര്‍സായ് (1) എന്നിവരെയാണ് ഭുവനേശ്വര്‍ പുറത്താക്കിയത്. മുഹമ്മദ് നബിയെ (7) അര്‍ഷ്ദീപ് സിംഗും പുറത്താക്കി.

അഞ്ച് വിക്കറ്റ്, നാല് ഓവറില്‍ വിട്ടുകൊടുത്തത് നാല് റണ്‍ മാത്രം; റെക്കോര്‍ഡ് പട്ടികയില്‍ ഭുവനേശ്വര്‍ കുമാാര്‍

ഇതിനിടെ ഇബ്രാബിം സദ്രാന്‍ (64) അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. വാലറ്റത്ത് റാഷിദ് ഖാന്‍ (15), മുജീബ് ഉര്‍ റഹ്മാന്‍ (18) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ സ്‌കോര്‍ 100 കടന്നു. സദ്രാനൊപ്പം ഫരീദ് അഹമ്മദ് മാലിക് (1) പുറത്താവാതെ നിന്നു. നേരത്തെ, രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണറായെത്തിയ കോലിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയാണ് കോലി നേടിയത്. കോലിയുടെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ (62) മികച്ച പ്രകടനം പുറത്തെടുത്തു.

രാജാവ് ഇപ്പോഴും രാജാവ് തന്നെ! രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് പഴക്കഥ; സ്ഥാനം കയ്യടക്കി വിരാട് കോലി

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഓപ്പണിംഗ് വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിചേര്‍ത്തു. ടൂര്‍ണമെന്റില്‍ ആദ്യമായി ഫോമിലായ രാഹുല്‍ 41 പന്തിലാണ് 62 റണ്‍സെടുത്തത്. ഇതില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉണ്ടായിരുന്നു. മറുവശത്ത് കോലി തന്റെ സ്വതസിദ്ധമായ ഫോം കണ്ടെത്തി. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കോലി ഓപ്പണറാവുകയായിരുന്നു. ആറ് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ഇതിനിടെ മൂന്നാമാനായി ക്രീസിലെത്തിയ സൂര്യുകുമാര്‍ യാദവിന്റെ (6) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ റിഷഭ് പന്തിനൊപ്പം (16 പന്തില്‍ 20) കൂടിചേര്‍ന്ന് കോലി ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 87 റണ്‍സ് കൂട്ടിചേര്‍ത്തു. 

മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത്തിന് പുറമെ യൂസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ കളിക്കുന്നില്ല. ദീപക് ചാഹര്‍, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ അക്‌സറും സ്റ്റാന്‍ഡ് ബൈ ബൗളറായിരുന്ന ചാഹറും ഏഷ്യാ കപ്പിലെ ആദ്യ ഏഷ്യാ കപ്പ് മത്സരമാണ് കളിച്ചത്.
 

Follow Us:
Download App:
  • android
  • ios