Asianet News MalayalamAsianet News Malayalam

മുഹമ്മദ് സിറാജിന് എസ്‌യുവി സമ്മാനമായി നൽകണമെന്ന് മഹീന്ദ്ര മുതലാളിയോട് ആരാധകൻ, മറുപടിയുമായി ആനന്ദ് മഹീന്ദ്ര

എതിരാളികളെക്കുറിച്ചോര്‍ത്ത് ഇത്രയധികം സങ്കടപ്പെട്ടൊരു മത്സരം തന്‍റെ ഓര്‍മയില്ലില്ലെന്നായിരുന്നു ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചത്.

Asia Cup 2023: Fan asks Anand Mahindra to gift SUV to Mohammed Siraj gkc
Author
First Published Sep 18, 2023, 12:24 PM IST

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ഒട്ടേറെ പ്രമുഖരാണ് അഭിനന്ദനവുമായി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ കായിക രംഗത്തെയും വ്യവസായ ലോകത്തെയും പ്രമുഖരെല്ലാം ഇന്ത്യന്‍ ടീമിന്‍റെ ഏഷ്യാ കപ്പ് വിജയത്തെ അഭിനന്ദിച്ചിരുന്നു. ഇതില്‍ മഹീന്ദ്ര മുതലാളി ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനം അല്‍പം വ്യത്യസ്തമായിരുന്നു.

എതിരാളികളെക്കുറിച്ചോര്‍ത്ത് ഇത്രയധികം സങ്കടപ്പെട്ടൊരു മത്സരം തന്‍റെ ഓര്‍മയില്ലില്ലെന്നായിരുന്നു ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചത്. അവര്‍ക്കുമേല്‍ ഏതോ ഒരു അദൃശ്യശക്തി പതിക്കുകയായിരുന്നു. മുഹമ്മദ് സിറാജ് നിങ്ങളൊരു മാര്‍വല്‍ അവഞ്ചറാണെന്നായിരുന്നു ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചത്. ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് താഴെ മറുപടിയുമായി ആരാധകരുമെത്തി.

ഇതില്‍ അക്ഷയ് കുമാര്‍ ഗുപ്തയെന്ന ആരാധകന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. സര്‍, അദ്ദേഹത്തിനൊരു എസ് യു വി സമ്മാനമായി കൊടുക്കൂ എന്നായിരുന്നു സിറാജിന് വേണ്ടി ആരാധകന്‍റെ അഭ്യര്‍ത്ഥന. മുമ്പ് പല താരങ്ങള്‍ക്കും ആനന്ദ് മഹീന്ദ്ര ഇത്തരത്തില്‍ എസ് യു വി സമ്മാനമായി നല്‍കിയതിനെ പരാമര്‍ശിച്ചായിരുന്നു ആരാധകന്‍റെ അഭ്യര്‍ത്ഥന. അതിന് മഹീന്ദ്ര മുതലാളി നല്‍കിയ മറുപടി, അതുണ്ട്, ചെയ്തിരിക്കും എന്നായിരുന്നു.

ഇതിന് പിന്നാലെ ഫൈനലില്‍ മാന്‍ ഓഫ് ദ് മാച്ച് ആയതിന് ലഭിച്ച സമ്മാനത്തുക കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനമായി നല്‍കാനുള്ള സിറാജിന്‍റെ തീരുമാനത്തെയും ആനന്ദ് മഹീന്ദ്ര പ്രശംസിച്ചു. തനിക്ക് ലഭിച്ച ക്യാഷ് പ്രൈസ് ഗ്രൗണ്ട് സ്റ്റാഫിനുള്ളതാണെന്നും അവരില്ലായിരുന്നെങ്കില്‍ ഈ ടൂര്‍ണമെന്‍റ് തന്നെ സാധ്യമാവില്ലെന്നുമായിരുന്നു സിറാജ് മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ച് പ്രഖ്യാപിച്ചത്.

ഇതിനെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചത്, ഒറ്റ വാക്കേ പറയാനുള്ളു, ക്ലാസ്, അതിന് നിങ്ങളുടെ സമ്പത്തോ എവിടെ നിന്ന് വരുന്നുവെന്നതോ പ്രസക്തമല്ല, അത് ഉള്ളില്‍ നിന്ന് വരേണ്ടതാണെന്നായിരുന്നു സിറാജിന്‍റെ വലിയ മനസിനെക്കുറിച്ച് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.

പാസ്‌പോ‍ർട്ട് ഹോട്ടലിൽ മറന്നുവെച്ചു, ബസില്‍ കയറാനെത്തിയ രോഹിത്തിനെ കളിയാക്കി ഇന്ത്യൻ ടീം അംഗങ്ങൾ- വീഡിയോ

ഏഷ്യാ കപ്പില്‍ പത്ത് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യന്‍ ടീം കീരിടം നേടുന്നത്. ഇന്നലെ കൊളംബോയില്‍ നടന്ന ഫൈനലില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യ ലങ്കയെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിന് ഓള്‍ ഔട്ടായി. 21 റണ്‍സ് മാത്രം വഴങ്ങിയ ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios