പരിക്കില്‍ നിന്ന് മോചിതരായ ഉടനെ രാഹുലിനെും ശ്രേയസിനെയും ടീമിലെടുത്ത് കഴിഞ്ഞ വര്‍ഷം ജസ്പ്രീത് ബുമ്രക്കുണ്ടായ അനുഭവം ആവര്‍ത്തിക്കരുതെന്നാണ് സെലക്ടര്‍മാരുടെ നിലപാടെങ്കില്‍ ഇഷാന്‍ കിഷനൊപ്പം സഞ്ജു സാംസണ്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തും.

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമ്പോള്‍ അയര്‍ലന്‍ഡിലെ യുവതാരങ്ങളുടെ പ്രകടനങ്ങളും സെലക്ടര്‍മാര്‍ പരിഗണിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കെ എല്‍ രാഹുലിന്‍റെയും ശ്രേയസ് അയ്യരുടെയും തിരിച്ചുവരവിന് അവസരം ഒരുക്കാനായാണ് സെലക്ടര്‍മാര്‍ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം വൈകിച്ചത്. എന്നാല്‍ ഇത്രയേറെ വൈകിച്ചിട്ടും രാഹുലിന്‍റെയും ശ്രേയസിന്‍റെയും കാര്യത്തില്‍ ഉറപ്പ് പറയാന്‍ ഇപ്പോഴും ദേശീയ ക്രിക്കറ്റ് അക്കാദമിക്കായിട്ടില്ല.

ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പിനുള്ള ടീമിലെടുത്താലും ഇരുവരെയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യത കുറവാണ്. ലോകകപ്പിന് മുമ്പ് മത്സരക്ഷമത ഉറപ്പുവരുത്തുന്നതിനായി ഒരുപക്ഷെ നേപ്പാളിനെപ്പോലെ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ഇരുവരെയും പരീക്ഷിക്കാനും സാധ്യതയുണ്ട്. രാഹുലിനെ ടീമില്‍ എടുക്കുന്നില്ലെങ്കില്‍ മൂന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മലയാളി താരം സഞ്ജു സാംസണ് പ്രതീക്ഷക്ക് വകയുണ്ട്.

പരിക്കില്‍ നിന്ന് മോചിതരായ ഉടനെ രാഹുലിനെും ശ്രേയസിനെയും ടീമിലെടുത്ത് കഴിഞ്ഞ വര്‍ഷം ജസ്പ്രീത് ബുമ്രക്കുണ്ടായ അനുഭവം ആവര്‍ത്തിക്കരുതെന്നാണ് സെലക്ടര്‍മാരുടെ നിലപാടെങ്കില്‍ ഇഷാന്‍ കിഷനൊപ്പം സഞ്ജു സാംസണ്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തും. രാഹുലിനെയും ശ്രേയസിനെയും ടീമിലെടുക്കുകയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരിക്കുകയും ചെയ്യാനാണ് തീരുമാനമെങ്കില്‍ സഞ്ജുവിന്‍റെ സാധ്യത മങ്ങും. പകരം മധ്യനിരയില്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെയാകും സെലക്ടര്‍മാര്‍ പരിഗണിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

തിലകിനെ പറ്റി മിണ്ടാട്ടമില്ല; സഞ്ജുവായിരുന്നെങ്കില്‍ ഇപ്പോള്‍ കാണാമായിരുന്നുവെന്ന് ആരാധകര്‍

തിലകിന് തിരിച്ചടി

വിന്‍ഡീസിനെതിരായ മിന്നും പ്രകടനത്തിന് പിന്നാലെ അയര്‍ലന്‍ഡിനെതിരെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയത് യുവതാരം തിലക് വര്‍മക്ക് തിരിച്ചടിയാണ്. എങ്കിലും മധ്യനിരയിലെ ഇടം കൈയന്‍ ബാറ്ററെന്നത് ഇപ്പോഴും തിലകിന് ആനുകൂല്യം നല്‍കുന്നുണ്ട്. മറുവശത്ത് മലയാളി താരം സഞ്ജു സാംസണ്‍ അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയില്ലെന്നത് പ്രതീക്ഷക്ക് വകനല്‍കുന്ന കാര്യമാണ്. അയര്‍ലന്‍ഡ‍ിനെതിരെ രണ്ടാം മത്സരത്തില്‍ 40 റണ്‍സടിച്ചെങ്കിലും സഞ്ജുവിന് വലിയൊരു ഇന്നിംഗ്സ് കളിക്കാന്‍ ലഭിച്ച അവസരം മുതലാക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക