മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരു ഐതിഹാസിക റെക്കോര്‍ഡിന് ഒപ്പമെത്തി രോഹിത് ശര്‍മ്മ 

കൊളംബോ: മുന്നില്‍ നിന്ന് ടീം ഇന്ത്യയെ ബാറ്റിംഗില്‍ നയിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ആരാധകര്‍ ഒരിക്കല്‍ക്കൂടി കണ്ടിരിക്കുകയാണ്. അതും ബന്ധവൈരികളായ പാകിസ്ഥാനെതിരെ തകര്‍പ്പനടികളുമായി. ഏഷ്യാ കപ്പിലെ നിര്‍ണായക സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് രോഹിത്തിന്‍റെ ബാറ്റ് പാക് ബൗളര്‍മാരെ തല്ലിച്ചതച്ച് അര്‍ധസെഞ്ചുറി തികച്ചത്. ഇതോടെ രോഹിത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരു ഐതിഹാസിക റെക്കോര്‍ഡിന് ഒപ്പമെത്തുകയും ചെയ്തു. 

ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ സാവധാനമാണ് രോഹിത് ശര്‍മ്മയുടെ ബാറ്റ് ചലിച്ച് തുടങ്ങിയത്. എന്നാല്‍ താളം കണ്ടെത്തിയതും ഹിറ്റ്‌മാനെ തടഞ്ഞുനിര്‍ത്താന്‍ പാക് ബൗളര്‍മാര്‍ പ്രയാസപ്പെട്ടതോടെ അദേഹം 42 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഏകദിന കരിയറില്‍ രോഹിത്തിന്‍റെ 50-ാം ഫിഫ്റ്റിയാണിത്. ഈ നാഴികക്കല്ലിനൊപ്പം ഒരു റെക്കോര്‍ഡ് രോഹിത് ശര്‍മ്മ പേരിലാക്കുകയും ചെയ്‌തു. ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളുടെ ചരിത്രത്തില്‍ ഹിറ്റ്‌മാന്‍റെ ഒന്‍പതാം 50+ സ്കോറാണിത്. ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ടൂര്‍ണമെന്‍റില്‍ ടീം ഇന്ത്യക്കായി ഒന്‍പത് വട്ടം ഫിഫ്റ്റി പ്ലസ് സ്കോര്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുവരേക്കാള്‍ 50+ സ്കോറുകള്‍ ഏകദിന ഏഷ്യാ കപ്പില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനുമില്ല. ഒരു ഫിഫ്റ്റി കൂടി കണ്ടെത്തിയാല്‍ സച്ചിനെ ഹിറ്റ്‌മാന്‍ മറികടക്കും. 

സ്‌പിന്നര്‍ ഷദാബ് ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ രോഹിത് ശര്‍മ്മയുടെ പേരില്‍ 49 പന്തില്‍ 56 റണ്‍സുണ്ടായിരുന്നു. പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 16.4 ഓവറില്‍ 121 റണ്‍സ് ചേര്‍ത്തു. ഹിറ്റ്‌മാന്‍ പുറത്തായി തൊട്ടടുത്ത ഓവറില്‍ ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി. 52 പന്തില്‍ 58 റണ്‍സെടുത്ത ഗില്ലിനെ ഷഹീന്‍ അഫ്രീദിയാണ് മടക്കിയയച്ചത്. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ 37 പന്തില്‍ 27 റണ്‍സ് മാത്രം നേടിയ ശേഷം തകര്‍ത്തടിക്കുകയായിരുന്നു രോഹിത് ശര്‍മ്മ. 

Watch Video- വിക്കറ്റ് കിട്ടിയിട്ടും പാകിസ്ഥാന്‍റെ ഷദാബ് ഖാന്‍ ഇന്നുറങ്ങില്ല; അമ്മാതിരി അടിയടിച്ച് രോഹിത് ശര്‍മ്മ- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം