Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ് ക്രിക്കറ്റ്: കുഞ്ഞന്‍മാരായ നേപ്പാളിനെ വലിച്ചുകീറി ഒട്ടിച്ചു; 238 റണ്‍സ് ജയവുമായി പാകിസ്ഥാന്‍

പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 343 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ 23.4 ഓവറില്‍ 104 റണ്‍സില്‍ ഓള്‍ഔട്ടായി

Asia Cup 2023 PAK vs NEP Result Pakistan won by 238 runs after allround show in Multan jje
Author
First Published Aug 30, 2023, 9:33 PM IST

മുള്‍ട്ടാന്‍: ബാറ്റിംഗ്, ബൗളിംഗ് മികവുമായി ഏഷ്യാ കപ്പ് 2023ല്‍ നേപ്പാളിനെതിരെ 238 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി തകര്‍പ്പന്‍ തുടക്കമിട്ട് പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ബാബര്‍ അസം, ഇഫ്‌തീഖര്‍ അഹമ്മദ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറിക്കരുത്തില്‍ മുന്നോട്ടുവെച്ച 343 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ 23.4 ഓവറില്‍ 104 റണ്‍സില്‍ ഓള്‍ഔട്ടായി. നേപ്പാള്‍ മുന്‍നിരയെ പേസര്‍മാരായ ഷഹീന്‍ അഫ്രീദിയും നസീം ഷായും തകര്‍ത്തപ്പോള്‍ മറ്റൊരു പേസര്‍ ഹാരിസ് റൗഫ് മധ്യനിരയും സ്‌പിന്നര്‍ ഷദാബ് ഖാന്‍ വാലറ്റവും എറിഞ്ഞിട്ടു. ഷദാബ് 6.4 ഓവറില്‍ 27 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ പേസിന് മുന്നില്‍ കുടുങ്ങിയ നേപ്പാളിന് 14 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. കുശാല്‍ ഭര്‍ട്ടേല്‍(8), രോഹിത് പൗഡെല്‍(0) എന്നിവരെ ആദ്യ ഓവറില്‍ ഷഹീന്‍ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി. പിന്നാലെ ആസിഫ് ഷെയ്‌ഖിനെ(5) നസീം ഷാ മടക്കി. ആരിഫ് ഷെയ്‌ഖ്(26), സോംപാല്‍ കാമി(28) എന്നിവര്‍ മാത്രമാണ് നേപ്പാളിനായി പൊരുതാന്‍ ശ്രമിച്ചത്. ഇരുവരേയും അതിവേഗക്കാരന്‍ ഹാരിസ് റൗഫ് പറഞ്ഞയച്ചതോടെ നേപ്പാള്‍ തകര്‍ന്നു. ഗുല്‍സാന്‍ ഝാ(13), ദീപേന്ദ്ര സിംഗ്(3), സന്ദീപ് ലമിച്ചാനെ(0) കുശാല്‍ മല്ല(6), ലലിത് രാജ്‌ബന്‍ഷി(0) കരണ്‍ കെ സി(7*) എന്നിങ്ങനെയായിരുന്നു പിന്നീടുള്ളവരുടെ സ്കോര്‍. ഗുല്‍സാന്‍, മല്ല, ലമിച്ചാനെ, ലലിത് എന്നിവരെ പുറത്താക്കിയാണ് ഷദാബ് ഖാന്‍ നാല് വിക്കറ്റ് തികച്ചത്. ദീപേന്ദ്രയുടെ വിക്കറ്റ് മുഹമ്മദ് നവാസിനായിരുന്നു. 

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത് നായകന്‍ ബാബര്‍ അസമിന്‍റെയും മധ്യനിര ബാറ്റര്‍ ഇഫ്‌തീഖര്‍ അഹമ്മദിന്‍റേയും സെഞ്ചുറിക്കരുത്തില്‍ പാകിസ്ഥാന്‍ 50 ഓവറില്‍ 6 വിക്കറ്റിന് 342 എന്ന വമ്പന്‍ സ്കോറിലെത്തിയിരുന്നു. 25 റണ്‍സിന് ഓപ്പണര്‍മാരെ നഷ്‌ടമായ ശേഷമായിരുന്നു പാക് തിരിച്ചുവരവ്. 19-ാം ഏകദിന ശതകം നേടിയ ബാബര്‍ 131 പന്തില്‍ 151 റണ്‍സുമായി മടങ്ങി. നേരിട്ട 109-ാം ബോളില്‍ 100 റണ്‍സ് തികച്ച ബാബര്‍ 20 പന്തുകള്‍ കൂടിയേ 150 പുറത്താക്കിയാക്കാന്‍ എടുത്തുള്ളൂ. അതേസമയം 67 പന്തില്‍ കന്നി ഏകദിന ശതകം കണ്ടെത്തിയ ഇഫ്‌തീഖര്‍ അഹമ്മദ് 71 പന്തില്‍ 109* റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ചാം വിക്കറ്റില്‍ ബാബറും ഇഫ്‌തീഖറും 214 റണ്‍സ് ചേര്‍ത്തു. 27.5 ഓവറില്‍ 124-4 എന്ന നിലയിലായിരുന്ന പാകിസ്ഥാന്‍ ബാബര്‍- ഇഫ്‌തീഖര്‍ ഷോയില്‍ പിന്നീടുള്ള 22.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 218 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആറാം ഓവറില്‍ ക്രീസിലെത്തിയ ബാബറിനെ മടക്കാന്‍ അവസാന ഓവര്‍ വരെ നേപ്പാളിന് കാത്തിരിക്കേണ്ടിവന്നു. 

ഫഖ‍ര്‍ സമാന്‍(14), ഇമാം ഉള്‍ ഹഖ്(5), മുഹമ്മദ് റിസ്‌വാന്‍(44), ആഗാ സല്‍മാന്‍(5), ഷദാബ് ഖാന്‍(4) എന്നിങ്ങനെയാണ് മറ്റ് പാക് താരങ്ങളുടെ സ്കോര്‍. നേപ്പാളിനായി സോംപാല്‍ കാമി രണ്ടും കരണ്‍ കെ സിയും സന്ദീപ് ലമിച്ചാനെയും ഓരോ വിക്കറ്റും നേടി. 

Read more: തീപ്പന്തുകള്‍, 2 പന്തില്‍ രണ്ട് വിക്കറ്റ്; ഇന്ത്യയും ഭയക്കണം ഷഹീന്‍ അഫ്രീദിയെ- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Follow Us:
Download App:
  • android
  • ios