തീപ്പന്തുകള്‍, 2 പന്തില്‍ രണ്ട് വിക്കറ്റ്; ഇന്ത്യയും ഭയക്കണം ഷഹീന്‍ അഫ്രീദിയെ- വീഡിയോ
നേപ്പാളിന്‍റെ രണ്ട് ബാറ്റര്‍മാരെ അടുത്തടുത്ത പന്തുകളില്‍ ഷഹീന്‍ പവലിയനിലേക്ക് പറഞ്ഞയച്ചു

മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍റെ ജയപരാജയങ്ങള്‍ തീരുമാനിക്കുക അയാളാണെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇടംകൈയില്‍ നിന്ന് കുത്തിത്തിരിയുന്ന ന്യൂബോളില്‍ ഷഹീന്‍ ഷാ അഫ്രീദിക്ക് ബാറ്റ് വെക്കാന്‍ ഏതൊരു ബാറ്ററും മടിക്കും. ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ ഉദ്‌ഘാടന മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ ഷാ അഫ്രീദി എതിരാളികള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നേപ്പാളിന്‍റെ രണ്ട് ബാറ്റര്‍മാരെ അടുത്തടുത്ത പന്തുകളില്‍ ഷഹീന്‍ പവലിയനിലേക്ക് പറഞ്ഞയച്ചു.
343 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവര്‍ ബലപരീക്ഷയായി. ആദ്യ രണ്ട് പന്തിലും കുശാല്‍ ഭര്‍ട്ടേല്‍ ബൗണ്ടറി നേടിയെങ്കിലും അഞ്ചാം ബോളില്‍ വിക്കറ്റിന് പിന്നില്‍ മുഹമ്മദ് റിസ്‌വാന്‍റെ കൈകളില്‍ അദേഹത്തെ എത്തിച്ച് ഷഹീന്‍ അഫ്രീദി പകരംവീട്ടി. 4 പന്തില്‍ രണ്ട് ഫോറുകളോടെ 8 റണ്‍സുമായായിരുന്നു ഭര്‍ട്ടേലിന്‍റെ മടക്കം. മൂന്നാമനായി ക്രീസിലെത്തിയ നേപ്പാള്‍ ക്യാപ്റ്റന്‍ രോഹിത് പൗഡെല്‍ വന്നതിനേക്കാള്‍ വേഗത്തില്‍ തിരികെ മടങ്ങി. ഷഹീന്‍ ഷാ അഫ്രീദിയുടെ ട്രേഡ്‌മാര്‍ക്ക് ഇന്‍സ്വിങറില്‍ ബാറ്റ് മുട്ടിക്കാന്‍ കഴിയാതെ വന്ന രോഹിത് എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ഗോള്‍ഡന്‍ ഡക്കായി ആയിരുന്നു രോഹിത് പൗഡെലിന്‍റെ മടക്കം. ഇതോടെ ആദ്യ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 10 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ നേപ്പാള്‍ പ്രതിരോധത്തിലായി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെയും മധ്യനിര താരം ഇഫ്‌തീഖര്‍ അഹമ്മദിന്‍റേയും സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ 6 വിക്കറ്റിന് 342 എന്ന പടുകൂറ്റന്‍ സ്കോറിലെത്തി. ആറാം ഓവറില്‍ മൂന്നാമനായി ക്രീസിലെത്തി 19-ാം ഏകദിന ശതകം നേടിയ ബാബര്‍ 131 പന്തില്‍ 151 റണ്‍സുമായി ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ മടങ്ങി. കന്നി ഏകദിന ശതകം കണ്ടെത്തിയ ഇഫ്‌തീഖര്‍ അഹമ്മദ് 71 പന്തില്‍ 109* റണ്‍സുമായി പുറത്താവാതെ നിന്നു. ഫഖര്‍ സമാന്‍(14), ഇമാം ഉള്‍ ഹഖ്(5), മുഹമ്മദ് റിസ്‌വാന്‍(44), ആഗാ സല്‍മാന്‍(5), ഷദാബ് ഖാന്‍(4) എന്നിങ്ങനെയാണ് മറ്റ് പാക് താരങ്ങളുടെ സ്കോര്‍. നേപ്പാളിനായി സോംപാല്‍ കാമി രണ്ടും കരണ്‍ കെ സിയും സന്ദീപ് ലമിച്ചാനെയും ഓരോ വിക്കറ്റും പേരിലാക്കിയത് ടീമിനെ തുണച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം