പോര്‍വിളി തുടങ്ങി; നേപ്പാളിനെ തകര്‍ത്തതിന് പിന്നാലെ ഇന്ത്യക്ക് താക്കീതുമായി ബാബര്‍ അസം
ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള മികച്ച തയ്യാറെടുപ്പായി നേപ്പാളിനെതിരായ കളി എന്ന് ബാബര്‍

മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആതിഥേയരായ പാകിസ്ഥാന്‍ ഗംഭീര ജയത്തോടെ തുടങ്ങിയിരിക്കുകയാണ്. മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഉദ്‌ഘാടന മത്സരത്തില്‍ 238 റണ്‍സിന്‍റെ ജയമാണ് നേപ്പാളിനെതിരെ പാകിസ്ഥാന്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്‍റെ 342 റണ്‍സ് പിന്തുടര്‍ന്ന നേപ്പാള്‍ 104ല്‍ ഓള്‍ഔട്ടായി. ജയത്തിന് പിന്നാലെ ടീം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബാബര്‍ അസം. ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍റെ അടുത്ത മത്സരം സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യക്കെതിരെയാണ്.
'ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള മികച്ച തയ്യാറെടുപ്പായി നേപ്പാളിനെതിരായ കളി. ഈ മത്സരം ഞങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കി. എല്ലാ മത്സരത്തിലും 100 ശതമാനം ആത്മാര്‍ഥതയോടെ കളിക്കുകയാണ് വേണ്ടത്. ഇന്ത്യക്കെതിരെയും അതിന് കഴിയും എന്നാണ് പ്രതീക്ഷ. ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ പന്ത് ബാറ്റിലേക്ക് കൃത്യമായി എത്തുന്നുണ്ടായിരുന്നില്ല. അതിനാല്‍ മുഹമ്മദ് റിസ്‌വാനുമായി കൂട്ടുകെട്ടിനായിരുന്നു ശ്രമം. ചില നേരങ്ങളില്‍ റിസ്‌വാന്‍ എനിക്ക് ആത്മവിശ്വാസം തന്നു. ചില നേരങ്ങളില്‍ ഞാന്‍ അയാള്‍ക്കും ആത്മവിശ്വാസം കൊടുത്തു. ഇഫ്‌തീഖര്‍ അഹമ്മദ് മഹത്തായ ഇന്നിംഗ്‌സാണ് കളിച്ചത്. 2-3 ബൗണ്ടറി കണ്ടെത്തി താളം പിടിച്ചതോടെ സ്വാഭാവിക ശൈലിയില്‍ കളിക്കാനാണ് അയാളോട് ഞാന്‍ പറഞ്ഞത്. കുറച്ച് ഓവറുകളില്‍ പ്രതീക്ഷിച്ച സ്കോറിംഗുണ്ടായിരുന്നില്ല. എന്നാല്‍ പാക് പേസര്‍മാരും സ്‌പിന്നര്‍മാരും നന്നായി പന്തെറിഞ്ഞു' എന്നും ബാബര്‍ അസം നേപ്പാളിനെതിരായ മത്സര ശേഷം വ്യക്തമാക്കി.
പാകിസ്ഥാന്‍ കൂറ്റന്‍ ജയം സ്വന്തമാക്കിയ മത്സരത്തില്‍ ബാബര്‍ അസമും ഇഫ്‌തീഖര്‍ അഹമ്മദും അഞ്ചാം വിക്കറ്റില്‍ 131 പന്തില്‍ 214 റണ്‍സാണ് ചേര്‍ത്തത്. ഇരുവരും സെഞ്ചുറി നേടി. ബാബറിന്‍റെ ഏകദിന കരിയറിലെ 19-ാം സെഞ്ചുറിയും ഇഫ്‌തീഖറിന്‍റെ ആദ്യത്തേതുമാണിത്. ബാബര്‍ 131 പന്തില്‍ 151 റണ്‍സുമായി പുറത്തായപ്പോള്‍ ഇഫ്‌തീഖര്‍ 71 ബോളില്‍ 109* റണ്‍സുമായി പുറത്താവാതെ നിന്നു. മുഹമ്മദ് റിസ്‌വാന്‍ 44 റണ്‍സെടുത്തു. ബൗളിംഗില്‍ പാകിസ്ഥാനായി നാല് വിക്കറ്റുമായി ഷദാബ് ഖാനും രണ്ട് പേരെ വീതം മടക്കി ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും ഓരോ വിക്കറ്റുമായി നസീം ഷായും മുഹമ്മദ് നവാസും തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം