ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ പിച്ച് റിപ്പോര്‍ട്ടും കാലാവസ്ഥാ പ്രവചനവും വിശദമായി. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സെന്‍ട്രല്‍ പിച്ച് ഹൈ-വോള്‍ട്ടേജ് മത്സരത്തിനായി തയ്യാറായിക്കഴിഞ്ഞു. 

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ്. അയല്‍ക്കാര്‍ മുഖാമുഖം വരുന്ന മത്സരത്തിന്‍റെ ആവേശം എത്രത്തോളമുയരും, പിച്ചും കാലാവസ്ഥയും മത്സരത്തെ പിന്തുണയ്‌ക്കുമോ? ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുന്ന ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാലാവസ്ഥാ പ്രവചനവും പിച്ച് റിപ്പോര്‍ട്ടും പരിശോധിക്കാം.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം: കാലാവസ്ഥാ പ്രവചനം

അക്വുവെതറിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ദുബായില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തിന് മഴ ഭീഷണിയില്ല. പകല്‍ 39 ഡിഗ്രി സെല്‍ഷ്യസായിരിക്കും ദുബായിലെ താപനില. മഴ ഭീഷണിയില്ലെങ്കിലും താരങ്ങള്‍ക്ക് ദുബായിലെ പ്രതികൂല സാഹചര്യങ്ങളോടും മല്ലടിക്കേണ്ടിവരും. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 33 കിലോമീറ്റര്‍ വരെ ഉയരും എന്നാണ് റിപ്പോര്‍ട്ട്. മത്സരസമയം രാത്രി 30 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് കണക്കാക്കുന്നത്. തെളിഞ്ഞ ആകാശം തുടരുമെങ്കിലും വായുനിലവാരവും അത്ര മികച്ചതായിരിക്കില്ലെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം: പിച്ച് റിപ്പോര്‍ട്ട്

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സെന്‍ട്രല്‍ പിച്ച് ഹൈ-വോള്‍ട്ടേജ് മത്സരത്തിനായി തയ്യാറായിക്കഴിഞ്ഞു. ദുബായ് പിച്ചല്‍ അത്ര വേഗം പ്രതീക്ഷിക്കേണ്ടതില്ല. പിച്ച് സ്‌പിന്നര്‍മാരെ പിന്തുണയ്‌ക്കുന്നതായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. വരും മത്സരങ്ങളില്‍ പിച്ച് സ്‌പിന്നിനെ കൂടുതല്‍ പിന്തുണയ്‌ക്കാനാണ് സാധ്യത. രാത്രിയോടെ ഡ്യൂ ഫാക്‌ടറിനും സാധ്യത കല്‍പിക്കുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം: കണക്കുകള്‍

ദുബായില്‍ ഇന്നത്തെ ഏഷ്യാ കപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് മേല്‍ ടീം ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഇന്ത്യയും പാകിസ്ഥാനും 19 തവണയാണ് മുമ്പ് ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ ഇന്ത്യ പത്തും പാകിസ്ഥാന്‍ ആറും മത്സരങ്ങള്‍ വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിച്ചു. ട്വന്‍റി 20 ഫോര്‍മാറ്റിലാവട്ടെ, ട്വന്‍റി 20യിലെ നേർക്കുനേർ ബലാബലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. കളിച്ച 13 മത്സരങ്ങളിൽ പത്തിലും ജയം നീലപ്പടയ്‌ക്കൊപ്പമായിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming