ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടങ്ങളെടുത്താല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ത്രില്ലർ അനുഭവങ്ങള്‍ സമ്മാനിച്ച മത്സരങ്ങളില്‍ മുന്നില്‍ത്തന്നെയുണ്ടാകും ട്വന്റി 20 ലോകകപ്പിലെ ബൗള്‍ ഔട്ട് ക്ലൈമാക്ക്‌സ്

1986ല്‍ ഷാര്‍ജയില്‍ ജാവേദ് മിയാൻദാദിന്റെ ലാസ്റ്റ് ബോള്‍ സിക്സില്‍ ഇന്ത്യ പരാജയപ്പെട്ട ശേഷം, അതുപോലൊരു ത്രില്ലര്‍. അതായിരുന്നു 2007ല്‍ നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ ഗ്രൂപ്പ് പോര്. 142 എന്ന ചെറിയ വിജയലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഫിനിഷിങ് ലൈൻ കടക്കാനാകാതെ പോയ പാക്കിസ്ഥാൻ. 35 പന്തില്‍ മിസബ ഉള്‍ ഹഖ് നേടിയ 53 റണ്‍സായിരുന്നു പാക്കിസ്ഥാനെ ഇന്ത്യയുടെ സ്കോറിനൊപ്പമെത്തിച്ചത്. എന്നാല്‍, ടൂര്‍ണമെന്റിന്റെ നിയമം അനുസരിച്ച് പോയിന്റ് പങ്കിടുക എന്നതായിരുന്നില്ല അന്തിമ വിധി. പകരം, ബൗള്‍ ഔട്ടിലൂടെ വിജയിയെ കണ്ടെത്തുക എന്നായിരുന്നു. ആവേശം മൂന്ന് സ്റ്റമ്പിലും ഒരു പന്തിലേക്കും ചുരുങ്ങിയ സമയം.

തകര്‍ന്ന് തുടങ്ങി ഇന്ത്യ

അന്ന് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ പവര്‍പ്ലേയില്‍ കാത്തിരുന്നത് മുഹമ്മദ് ആസിഫെന്ന പേസറുടെ കൃത്യതയും സ്ഥിരതയാര്‍ന്നതുമായ പ്രകടനമായിരുന്നു. ഇന്ത്യ ഏഴ് ഓവര്‍ പൂര്‍ത്തിയാക്കും മുൻപ് നാല് മുൻനിര ബാറ്റര്‍മാരെ പവലിയനിലേക്ക് മടക്കി അയക്കാൻ ആസിഫിന് സാധിച്ചു. ഗൗതം ഗംഭീര്‍ (0), വിരേന്ദര്‍ സേവാഗ് (5), യുവരാജ് (1), ദിനേഷ് കാര്‍ത്തിക്ക് (11) എന്നിവരുടെ ഇന്നിങ്സുകളായിരുന്നു ആസിഫിന്റെ പന്തുകള്‍ അവസാനിപ്പിച്ചത്. പിന്നീട് ഡര്‍ബനില്‍ റോബിൻ ഉത്തപ്പയും നായകൻ എം എസ് ധോണിയും ചേര്‍ന്ന് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകുകയായിരുന്നു. 6.4 ഓവറില്‍ 36-4 എന്ന നിലയില്‍ നിന്നായിരുന്നു കൂട്ടുകെട്ടിന്റെ തുടക്കം.

ഇരുവര്‍ക്കുമൊപ്പം ഇര്‍ഫാൻ പത്താന്റെയും അജിത്ത് അഗാര്‍ക്കറിന്റേയും ക്യാമിയോ കൂടി ചേര്‍ന്നതോടെ ഇന്ത്യ 141 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയായിരുന്നു. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് നോക്കുമ്പോള്‍ ആത്മവിശ്വാസം നല്‍കുന്ന ടോട്ടല്‍. ഉത്തപ്പ (50), ധോണി (33), പത്താൻ (20), അഗാര്‍ക്കര്‍ (14) എന്നിവരായിരുന്നു പ്രധാന സ്കോര്‍മാര്‍.

മിസബയുടെ പോരാട്ടം

മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാൻ്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ തുടരുകയായിരുന്നു. ഒരു കൂട്ടുകെട്ട് പോലും വെല്ലുവിളിയാകുന്ന തലത്തിലേക്ക് ഉയര്‍ന്നില്ല. പാക് മുൻനിരയിലാര്‍ക്കും ഇന്ത്യക്ക് സമാനമായി ഒരു മികച്ച സ്കോറിലേക്ക് എത്താനായില്ലെങ്കിലും മിസബയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു ഡര്‍ബനില്‍ കണ്ടത്. 47-4 എന്ന നിലയില്‍ പാക്കിസ്ഥാൻ തകര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് മിസബ ക്രീസിലെത്തുന്നത്. ആര്‍പി സിങ്ങിന് ന്യൂ ബോള്‍ മികവും ശ്രീശാന്ത് സ്കോര്‍ബോര്‍ഡ് സമ്മര്‍ദം ഉയര്‍ത്തിയതും ആണ് പാക്കിസ്ഥാന്റെ കിതപ്പിന് കാരണമായത്.

17 ഓവര്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് ജയിക്കാൻ 42 റണ്‍സായിരുന്നു ബാക്കി. എന്നാല്‍ 18-ാം ഓവറിലെ നാലാം പന്തുവരെ പാക്കിസ്ഥാന് ഒരു തരത്തിലും പഴുതു നല്‍കാത്ത ഹര്‍ഭജന്റെ അവസാന രണ്ട് പന്തില്‍ നിന്ന് 10 റണ്‍സ് മിസബ അടിച്ചെടുത്തു. 19-ാം ഓവറില്‍ പരിചയസമ്പന്നനായ അഗാര്‍ക്കര്‍ വിട്ടുനല്‍കിയത് 17 റണ്‍സ്. ഒരു ഓവറില്‍ 12 എന്ന നിലയിലേക്ക് മത്സരമെത്തി. അവസാന ഓവറില്‍ ധോണിയുടെ വിശ്വാസം ശ്രീശാന്തിലായിരുന്നു.

ആദ്യ പന്തില്‍ സിംഗിളെടുത്ത് മിസബക്ക് അറഫാത്ത് സ്ട്രൈക്ക് കൈമാറി. പിന്നീട് നേരിട്ട മൂന്ന് പന്തില്‍ രണ്ട് ഫോറടക്കം 10 റണ്‍സ് മിസബയുടെ ബാറ്റില്‍ നിന്ന് പിറന്നു. പാക്കിസ്ഥാന് ജയിക്കാൻ രണ്ട് പന്തില്‍ ഒരു റണ്‍ മാത്രം. ശ്രീയെറിഞ്ഞ അഞ്ചാം പന്ത് ഡോട്ട്. അവസാന പന്ത് കവറിലേക്ക് തട്ടിയിട്ട് റണ്‍സ് നേടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അഗാര്‍ക്കറിന്റെ ത്രോ കൃത്യമായി ശ്രീശാന്ത് സ്റ്റമ്പിലെത്തിച്ചു, സമനില.

ബൗള്‍ ഔട്ടും ധോണിയും

ബൗള്‍ ഔട്ടില്‍ അടിമുടി ധോണി ബ്രില്യൻസായിരുന്നു. ഇന്ത്യൻ ബൗളര്‍മാര്‍ക്ക് സ്റ്റമ്പ് കൃത്യമായി അറിയുന്നതിന് ധോണി ഉപയോഗിച്ച തന്ത്രം. സ്റ്റമ്പിന് കൃത്യം പിന്നിലായി ധോണി നിലകൊണ്ട്. ഇന്ത്യയ്ക്കായി പന്തെടുത്ത സേവാഗും ഹര്‍ഭജനും ഉത്തപ്പയും ബെയില്‍ തെറിപ്പിച്ചു. മറുവശത്ത് പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ കമ്രാൻ അക്മല്‍ ഓഫ് സ്റ്റമ്പിന് പുറത്തായിരുന്നു നിലകൊണ്ടത്. അറഫാത്തിനും ഗുല്ലിനും അഫ്രിദിക്കും പിഴച്ചു. ഇന്ത്യ ജയം സ്വന്തമാക്കി.