ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുൻപുള്ള തയ്യാറെടുപ്പായി ഈ മത്സരത്തെ കാണുന്നതിനാൽ ടീമിൽ കാര്യമായ പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്.
അബുദാബി: ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം. ഒമാനാണ് എതിരാളികൾ. രാത്രി എട്ടിന് അബുദാബിയിലാണ് മത്സരം. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും. ഒമാനെതിരെ കളത്തിലിറങ്ങുമ്പോൾ ടീം ഇന്ത്യയുടെ മനസിൽ ഞായറാഴ്ച പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടമായിരിക്കും എന്നുറപ്പ്. ഹസ്തദാന വിവാദത്തിന്‍റെ ചൂടാറും മുന്നേ പാകിസ്ഥാനെ വീണ്ടും നേരിടാൻ ഒരുങ്ങുമ്പോൾ കൃത്യമായ ഒരുക്കത്തിനുള്ള സുവർണാവസരമായിരിക്കും ഒമാനെതിരായ മത്സരം. അതുകൊണ്ട് തന്നെ കാര്യമായ പരീക്ഷണങ്ങള്‍ ഇന്ത്യ ഇന്ന് തയാറായേക്കുമെന്നാണ് കരുതുന്നത്.
അടിമുടി പരീക്ഷണമോ?
ഒമാനെ നേരിടുമ്പോൾ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ പരീക്ഷണത്തിന് സാധ്യതകളേറെയാണ്. ആദ്യ രണ്ട് കളികളിലും ടോസ് നേടിയശേഷം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതിനാല്‍ ഇന്ന് ടോസ് നേടിയാൽ ബാറ്റിംഗ് തെഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ആദ്യരണ്ട് കളിയിൽ ക്രീസിലിറങ്ങാൻ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസൺ, ഹാർദിക് പണ്ഡ്യ, അക്സർ പട്ടേൽ തുടങ്ങിയവർക്ക് ഇന്ന് ബാറ്റിംഗിന് അവസരം ലഭിച്ചേക്കും. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകുമ്പോള്‍ ഹർഷിത് റാണയോ അർഷ്ദീപ് സിംഗോ പകരം പ്ലേയിംഗ് ഇലവനിലെത്തും.
ശ്രീലങ്കൻ പേസര്‍ നുവാന്‍ തുഷാര ഇന്നലെ തകര്‍ത്തെറിഞ്ഞ അബുദാബിയിലെ പിച്ചില്‍ രണ്ട് പേസര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വരുൺ ചക്രവർത്തിയോ കുൽദീപ് യാദവോ പുറത്തിരിക്കേണ്ടിവരും. ദുബായിലെപ്പോലെ സ്പിന്നർമാരെ കൈയയച്ച് സഹായിക്കുന്ന വിക്കറ്റുകളല്ല അബുദാബിയിലേതെന്ന് ഇന്നലത്തെ ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ഒരിക്കല്‍ കൂടി വ്യക്തമായിരുന്നു. ടി20 ക്രിക്കറ്റില്‍ ഇന്ത്യയും ഒമാനും ആദ്യമായാണ് നേർക്കുനേർ വരുന്നത്. രണ്ടുകളിയും തോറ്റ് പുറത്തായ ഒമാന് ഇന്ത്യൻ ബൗളിംഗ് കരുത്തിനെ അതിജീവിക്കുകയാവും ഇന്നത്തെ പ്രധാനവെല്ലുവിളി.


