ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ശ്രീലങ്കന്‍ താരം ദുനിത് വെല്ലാലെഗെ കളിച്ചത് പിതാവ് മരിച്ച വിവരം അറിയാതെയായിരുന്നു. 

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ശ്രീലങ്കന്‍ താരം ദുനിത് വെല്ലാലെഗെ പന്തെറിഞ്ഞത് പിതാവ് മരിച്ച വിവരം അറിയാതെ. മത്സരത്തില്‍ തന്‍റെ ആദ്യ മൂന്നോവറില്‍17 റണ്‍സ് മാത്രം വഴങ്ങി മിന്നിയ വെല്ലാലെഗെയെ ഇന്നിംഗ്സിലെ അവസാന ഓവറില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബി തുടര്‍ച്ചയായി അഞ്ച് സിക്സ് അടക്കം 32 റണ്‍സ് അടിച്ചിരുന്നു.

മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ആധികാരിക വിജയം സ്വന്തമാക്കിയശേഷമാണ് ശ്രീലങ്കന്‍ പരിശീലകന്‍ സനത് ജയസൂര്യയും ടീം മാനേജരും വെല്ലാലെഗയോട് പിതാവ് സുരംഗ വെല്ലാലെഗെ മരിച്ച കാര്യം അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് സുരംഗ വെല്ലാലെഗെ മരിച്ചതെന്നാണ് വിവരം. മത്സരത്തിലെ സമ്മാനദാനച്ചടങ്ങുകള്‍ക്ക് ശേഷം വിവരം അറിഞ്ഞയുടന്‍ ടീം വിട്ട വെല്ലാലെഗെ കുടുംബത്തോടൊപ്പം ചേരാനായി കൊളംബോയിലേക്ക് പോയി.

ടൂര്‍ണമെന്‍റില്‍ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍

ഇതോടെ വെല്ലാലെഗെ ടൂര്‍ണമെന്‍റിലെ ബാക്കിയുള്ള മത്സരങ്ങളില്‍ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലിയി. നാളെ ബംഗ്ലാദേശിനെതിരെയും 23ന് പാകിസ്ഥാനെതിരെയും 26ന് ഇന്ത്യക്കെതിരെയുമാണ് ശ്രീലങ്കയുടെ സൂപ്പര്‍ ഫോര്‍ മത്സരങ്ങൾ. ശ്രീലങ്കക്കായി അഞ്ചാമത്തെയും ഏഷ്യാ കപ്പിലെ ആദ്യത്തെയുിം മത്സരമായിരുന്നു 22കാരനായ വെല്ലാലെഗെ ഇന്നലെ അഫ്ഗാനെതിരെ കളിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റിലെ വളര്‍ന്നുവരുന്ന താരങ്ങളില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഇടം കൈയന്‍ സ്പിന്നര്‍ കൂടിയാണ് വെല്ലാലെഗെ. ഇന്നലെ ഏഷ്യാ കപ്പില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനെതിരെ ആറ് വിക്കറ്റ് ജയം നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക