ഇന്ത്യയോട് ഇന്നലെ തോറ്റെങ്കിലും ആദ്യ മത്സരത്തില്‍ ഒമാനെ തോല്‍പിച്ച പാകിസ്ഥാന്‍ ആണ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് കളികളില്‍ രണ്ട് പോയന്‍റും +1.649 നെറ്റ് റണ്‍ റേറ്റുമാണ് പാകിസ്ഥാനുള്ളത്.
ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ വീഴ്ത്തിയതോടെ ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ ഫോര്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി ഇന്ത്യ. ആദ്യ രണ്ട് കളികളിലെ ആധികാരിക ജയത്തോടെ നാലു പോയന്‍റും +4.700 നെറ്റ് റണ്‍റേറ്റുമായാണ് ഇന്ത്യ സൂപ്പര്‍ ഫോറില്‍ സ്ഥാനമുറപ്പാക്കുന്ന ആദ്യ ടീമായത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ യുഎഇ ഉയര്‍ത്തിയ 58 റണ്‍സ് വിജയലക്ഷ്യം വെറും 4.3 ഓവറില്‍ അടിച്ചെടുത്ത ഇന്ത്യ ഇന്നലെ പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യ 15.5 ഓവറില്‍ മറികടന്നതോടെയാണ് നെറ്റ് റണ്‍റേറ്റിലും ഇന്ത്യ ബഹുദൂരം മുന്നിലെത്തിയത്. അവസാന മത്സരത്തില്‍ ഒമാനാണ് ഇന്ത്യയുടെ എതിരാളികള്‍.
പാകിസ്ഥാനും എളുപ്പം
ഇന്ത്യയോട് ഇന്നലെ തോറ്റെങ്കിലും ആദ്യ മത്സരത്തില്‍ ഒമാനെ തോല്‍പിച്ച പാകിസ്ഥാന്‍ ആണ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് കളികളില്‍ രണ്ട് പോയന്‍റും +1.649 നെറ്റ് റണ്‍ റേറ്റുമാണ് പാകിസ്ഥാനുള്ളത്. അവസാന മത്സരത്തില്‍ യുഎഇ ആണ് എതിരാളികളെന്നതിനാല്‍ ഗ്രൂപ്പ് എയില്‍ നിന്ന് പാകിസ്ഥാനും സൂപ്പര്‍ ഫോറിലെത്തുമെന്ന് ഉറപ്പിക്കാം. ഓരോ മത്സരം വീതം കളിച്ച ഒമാന്‍ മൂന്നാമതും യുഎഇ നാലാമതുമാണ്. ഇന്ന് നടക്കുന്ന ഒമാന്‍-യുഎഇ മത്സരമാകും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുക, രണ്ട് ടീമുകളാണ് ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ ഫോര്‍ റൗണ്ടിലേക്ക് മുന്നേറുക.
അതേസമയം അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും ഹോങ്കോംഗും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പമാണ്. കളിച്ച ആദ്യ മത്സരങ്ങള്‍ ജയിച്ച അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ഗ്രൂപ്പില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. രണ്ട് പോയന്‍റും +4.700 നെറ്റ് റണ്‍റേറ്റുമായാണ് അഫ്ഗാന്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ശ്രീലങ്ക രണ്ട് പോയന്‍റും +2.595 നെറ്റ് റണ്‍റേറ്റുമായി രണ്ടാമതാണ്. രണ്ട് മത്സരങ്ങളില്‍ ഹോങ്കോംഗിനെതിരെ ഒരു ജയം മാത്രമുള്ള ബംഗ്ലാദേശ് രണ്ട് ജയവും -0.650 നെറ്റ് റണ്‍റേറ്റുമായി ബംഗ്ലാദേശ് മൂന്നാമതാണ്. ശ്രീലങ്കക്ക് ഹോങ്കോംഗിനെതിരെ മത്സരം ബാക്കിയുള്ളതിനാല്‍ സൂപ്പര്‍ ഫോറിലേക്കുള്ള വഴി എളുപ്പമാണ്.
ഗ്രൂപ്പ് ബിയില്‍ കടുത്ത പോരാട്ടം
എന്നാല്‍ അഫ്ഗാനിസ്ഥാന് ശ്രീലങ്കയെയും ബംഗ്ലാദേശിനെയുമാണ് ഇനി നേരിടാനുള്ളത്. ഇതില്‍ അഫ്ഗാന്‍ ബംഗ്ലാദേശ് മത്സരമായിരിക്കും നിര്‍ണായകമാകുക. അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ വീഴ്ത്തിയാല്‍ ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്താതെ പുറത്താവാനും സാധ്യതയുണ്ട്. എന്നാല്‍ അവസാന മത്സരത്തില്‍ അഫ്ഗാനെ മികച്ച മാര്‍ജിനില്‍ കീഴടക്കിയാല്‍ നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ബംഗ്ലാദേശിനും സാങ്കേതികമായി സാധ്യത അവശേഷിക്കും. കളിച്ച രണ്ട് കളികളും തോറ്റ ഹോങ്കോഗ് അവസാന സ്ഥാനത്താണ്. ശനിയാഴ്ച മുതലാണ് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക.


