കൊളംബോ: ശ്രീലങ്കയില്‍ ജൂണില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് കൊവിഡ് വ്യാപനത്തിന്‍റെ പശ്‌ചാത്തലത്തില്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ആഷ്‌ലി ഡി സില്‍വ ഇക്കാര്യം അറിയിച്ചതായാണ് അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തത്. 

ശ്രീലങ്കയില്‍ നിലവിലെ സാഹചര്യത്തില്‍ ജൂണില്‍ ടൂര്‍ണമെന്‍റ് നടത്താന്‍ കഴിയില്ല എന്നാണ് ആഷ്‌ലി ഡി സില്‍വയുടെ പ്രതികരണം. അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പിന് പാകിസ്ഥാന്‍ വേദിയാവേണ്ടതിനാല്‍ ലങ്കയുടെ ടൂര്‍ണമെന്‍റ് 2023ലേക്ക് മാറ്റിയേക്കും. ഇന്ത്യയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കേണ്ട ടി20 ലോകകപ്പിന് ഒരുക്കമായാണ് ഇത്തവണത്തെ ഏഷ്യാ കപ്പിനെ ടീമുകള്‍ കണ്ടിരുന്നത്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാകിസ്ഥാനില്‍ ടൂര്‍ണമെന്‍റ് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ശ്രീലങ്കയ്‌ക്ക് കൈമാറുകയായിരുന്നു. യുഎഇയില്‍ 2018ലാണ് ഏഷ്യാ കപ്പ് അവസാനമായി നടന്നത്. ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ദുബായിയിലും അബുദാബിയിലുമായിരുന്നു മത്സരങ്ങള്‍. അന്ന് ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ കപ്പുയര്‍ത്തി. 

അതേസമയം ഇന്ത്യ വേദിയാകേണ്ട ടി20 ലോകകപ്പും കൊവിഡ് പ്രതിസന്ധിയില്‍ അനിശ്ചിതത്വത്തിലാണ്. ലോകകപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ പ്രത്യേക പൊതുയോഗം വിളിച്ചുചേർത്തിട്ടുണ്ട്. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന ഐസിസി യോഗത്തിന് മുന്നോടിയായാണ് ബിസിസിഐ അടിയന്തരമായി യോഗം ചേരുന്നത്. രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, രണ്ട് പുതുമുഖങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona