Asianet News MalayalamAsianet News Malayalam

മാറ്റിവച്ച ഏഷ്യാ കപ്പ് ക്രിക്കറ്റ് അടുത്ത വര്‍ഷം ജൂണില്‍; വേദി തീരുമാനമായി

കൊവിഡ് സാഹചര്യങ്ങള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് ബോര്‍ഡ് പല തവണ ചര്‍ച്ച ചെയ്‌ത ശേഷമാണ് ടൂര്‍ണമെന്‍റ് നീട്ടിവക്കുന്നതായി അറിയിച്ചത്

Asia Cup Cricket Sri Lanka To Host Rescheduled Tournament
Author
Delhi, First Published Jul 10, 2020, 2:30 PM IST

ദില്ലി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ച ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ശ്രീലങ്ക വേദിയാകും. ജൂണില്‍ ഏഷ്യാ കപ്പ് നടത്താനാണ് പദ്ധതിയിടുന്നതെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍  അറിയിച്ചു. 

ഈ വര്‍ഷം പാക്കിസ്ഥാനായിരുന്നു ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നിഷ്പക്ഷ വേദിയായ യുഎഇയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും മേഖലയില്‍ കൊവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഏഷ്യാ കപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചു. കൗണ്‍സിലിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ ടൂര്‍ണമെന്‍റ് മാറ്റിയതായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അറിയിച്ചതിനെ പാക് ബോര്‍ഡ് എതിര്‍ത്തിരുന്നു. 

കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് ബോര്‍ഡ് പല തവണ യോഗം ചേര്‍ന്ന ശേഷമാണ് ടൂര്‍ണമെന്‍റ് നീട്ടിവക്കുന്നതായി അറിയിച്ചത്. താരങ്ങളുടെയും സ്റ്റാഫിന്‍റെയും ആരോഗ്യ സുരക്ഷ, രാജ്യങ്ങളുടെ ക്വാറന്‍റീന്‍ നിയമങ്ങള്‍, യാത്രാ നിയന്ത്രണങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് തീരുമാനം. 2021 ജൂണില്‍ മത്സരങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പുകളിലാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. നിലവില്‍ വേദി നഷ്‌ടമായ പാകിസ്ഥാന്‍ 2020ലെ എഡിഷന് വേദിയാകും.

ഓസ്‌ട്രേലിയ ആതിഥേയത്വമരുളുന്ന ഐസിസി ടി20 ലോകകപ്പ് മാറ്റിവക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളില്‍ ലോകകപ്പ് നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios