ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമാണ് ഷറഫു യുഎഇക്ക് നല്‍കിയത്. ഹാര്‍ദ്ദിക്കിന്‍റെ നാലാം പന്തിലും അഞ്ചാം പന്തിലും ഷറഫു ബൗണ്ടറി നേടി.
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന യുഎഇക്ക് ബാറ്റിംഗ് തകര്‍ച്ച. പവര്‍ പ്ലേയില്‍ ഇന്ത്യക്കെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്ത യുഎഇ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ്. രണ്ട് റൺസുമായി ആസിഫ് ഖാനും റണ്ണൊന്നുമെടുക്കാതെ ധ്രുവ് പരാശറും ക്രീസില്‍. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സടിച്ച യുഎഇക്ക് കുല്‍ദീപ് യാദവ് എറിഞ്ഞ ഒമ്പതാം ഓവറില്‍ 3 വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. ഓപ്പണര്‍മാരായ അലിഷാൻ ഷറഫു(17 പന്തില്‍ 22), ക്യാപ്റ്റന്‍ മുഹമ്മദ് വസീം(22 പന്തില്‍ 19), മുഹമ്മദ് സൊഹൈബ്(2), രാഹുല്‍ ചോപ്ര(3), ഹര്‍ഷിത് കൗശിക്(2) എന്നിവരുടെ വിക്കറ്റുകളാണ് യുഎഇക്ക് നഷ്ടമായത്.
ഫയറായി മലയാളി താരം
ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമാണ് 22കാരനായ മലയാളി താരം അലിഷാന്‍ ഷറഫു യുഎഇക്ക് നല്‍കിയത്. ഹാര്‍ദ്ദിക്കിന്‍റെ നാലാം പന്തിലും അഞ്ചാം പന്തിലും ഷറഫു ബൗണ്ടറി നേടി. ജസ്പ്രീത് ബുമ്രയെറിഞ്ഞ പവര്‍പ്ലേയിലെ രണ്ടാം ഓവറില്‍ ബൗണ്ടറി നേടിയ ഷറഫു യുഎഇയെ രണ്ടോവറില്‍ 16 റണ്‍സിലെത്തിച്ചു. മൂന്നാം ഓവര്‍ എറിയാനെത്തിയ അക്സര്‍ പട്ടേലിനെ സിക്സിന് പറത്തി ഷറഫു ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ നാലാം ഓവറില്‍ മനോഹരമായൊരു യോര്‍ക്കറിലൂടെ മലയാളിതാരത്തിന്‍റെ ഓഫ് സ്റ്റംപിളക്കി ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. 17 പന്തില്‍ 22 റണ്‍സാണ് ഷറഫു നേടിയത്.
അഞ്ചാം ഓവറില്‍ മുഹമ്മദ് സൊഹൈബിനെ കുല്‍ദീപിന്‍റെ കൈകളിലെത്തിച്ച വരുണ്‍ ചക്രവര്‍ത്തി ഇരട്ടപ്രഹരമേല്‍പ്പിച്ചെങ്കിലും ബുമ്ര എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മൂന്ന് ബൗണ്ടറി നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് വാസീം യുഎഇയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. എന്നാല്‍ സ്കോര്‍ 50 കടക്കും മുമ്പ് ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ ചോപ്രയെ മടക്കിയ കുല്‍ദീപ് നാലം പന്തില്‍ ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അവസാന പന്തില്‍ ഹര്‍ഷിത് കൗശിക്കിനെ ബൗള്‍ഡാക്കിയ കുല്‍ദീപ് യുഎഇയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. പവര്‍ പ്ലേയില്‍ മൂന്നോവര്‍ എറിഞ്ഞ ബുമ്ര 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടത്തപ്പോള്‍ കുല്‍ദീപ് രണ്ടോവറില്‍ ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്ലേയിംഗ് ഇലവൻ: മുഹമ്മദ് വസീം (ക്യാപ്റ്റൻ), അലിഷാൻ ഷറഫു, മുഹമ്മദ് സോഹൈബ്, രാഹുൽ ചോപ്ര(വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാൻ, ഹർഷിത് കൗശിക്, ഹൈദർ അലി, ധ്രുവ് പരാശർ, മുഹമ്മദ് രോഹിദ് ഖാൻ, ജുനൈദ് സിദ്ദിഖ്, സിമ്രൻജീത് സിംഗ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
