ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് പിന്നാലെ ഏഷ്യ കപ്പ്  ടി20യിലും അനിശ്ചിതത്വത്തില്‍. ടൂര്‍ണമെന്റ് വേദിയെ കുറിച്ച് തീരുമാനിക്കാന്‍ വിളിച്ച ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം കൊവിഡ് വ്യാപനം കാരണം മാറ്റിവച്ചു. പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെയാണ് പുതിയ വേദിക്കായി ശ്രമം തുടങ്ങിയത്. യുഎഇയില്‍ ഏഷ്യ കപ്പ് നടത്താന്‍ ധാരണ ഉണ്ടായെങ്കിലും ഗള്‍ഫിലും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കാനും സാധ്യതതയേറെയാണ്.
 
ടി20 ലോകകപ്പ് നടക്കേണ്ടത് ഈ വര്‍ഷമായതിനാല്‍ ടി20 ഫോര്‍മാറ്റില്‍ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നു. യുഎഇയില്‍ നടന്ന കഴിഞ്ഞ ഏഷ്യ കപ്പില്‍ ഇന്ത്യയാണ് കിരീടം നേടിയത്. രോഹിത് ശര്‍മയായിരുന്നു ടീമിന്റെ നായകന്‍. 

വേദി മാറ്റണമെന്ന് ബിസിസിഐ നേരത്തെ  ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബറിലാണ് ഏഷ്യകപ്പ് നടക്കേണ്ടത്.