നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ നിരയില്‍ 25 റണ്‍സെടുത്ത ഓപ്പണര്‍ അയ്ക കാറ്റോ സ്റ്റാഫോര്‍ഡും 10 റണ്‍സെടുത്ത ഹരുണ ഇവാസാക്കിയും മാത്രമാണ് രണ്ടക്കം കടന്നത്.

നിഷിൻ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാര്‍ട്ടര്‍ പോരാട്ടത്തിൽ ജപ്പാനെ തകര്‍ത്ത് ഇന്ത്യൻ വനിതകള്‍ സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ 19.5 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 15 പന്തിൽ 40 റണ്‍സെടുത്ത ഷഫാലി വര്‍മ പുറത്താകാതെ നിന്നപ്പോള്‍ 12 റണ്‍സുമായി റിച്ച ഘോഷും വിജയത്തില്‍ കൂട്ടായി. ഗുലാന്‍ കമാലിനി(0), ഭാര്‍തി ഫുല്‍മാലി(6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ നിരയില്‍ 25 റണ്‍സെടുത്ത ഓപ്പണര്‍ അയ്ക കാറ്റോ സ്റ്റാഫോര്‍ഡും 10 റണ്‍സെടുത്ത ഹരുണ ഇവാസാക്കിയും മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ മൈ യാങ്കിഡ ഗോള്‍ഡൻ ഡക്കായപ്പോള്‍ മറ്റാരും രണ്ടക്കം കടന്നില്ല. ഓപ്പണിംഗ് വിക്കറ്റില്‍ 24 റണ്‍സടിച്ചശേഷമാണ് ജപ്പാന്‍ 33 റണ്‍സെടുക്കുന്നതിനിടെ ബാക്കി വിക്കറ്റുകള്‍ കൂടി നഷ്ടമാക്കി ഓള്‍ ഔട്ടായത്.

ജപ്പാന് ഇന്നിംഗ്സിലാകെ 3 ബൗണ്ടറി മാത്രമാണ് നേടാനായത്. ഇന്ത്യക്കായി ശ്രീചരിണി നാലോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ഷഫാലി വര്‍മ നാലോവറിൽ 13 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഇന്നലെ നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തായ്‌ലന്‍ഡിനെതിരെ പാകിസ്ഥാന്‍ വിറച്ചു ജയിച്ചിരുന്നു. മഴ തടസപെടുത്തിയ മത്സരത്തില്‍ 11 ഓവറില്‍ 92 റണ്‍സായിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരുഘട്ടത്തില്‍ 47-4 എന്ന നിലയില്‍ തകര്‍ന്നെങ്കിലും രണ്ട് പന്ത് ബാക്കി നില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ ലക്ഷ്യത്തിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക