നേപ്പാളിനെതിരെ തകര്‍പ്പന്‍ തുടക്കമാണ് യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദും ഇന്ത്യക്ക് നല്‍കിയത്

ഹാങ്ഝൗ: ഏഷ്യന്‍ ഗെയിംസിലെ പുരുഷന്‍മാരുടെ ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ റണ്‍മഴ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്‍സെടുത്തു. അതിവേഗ സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. തുടക്കം മുതല്‍ നേപ്പാള്‍ ബൗളര്‍മാരെ തല്ലിച്ചതച്ച ജയ്‌സ്വാള്‍ 48 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. അവസാന ഓവറുകളില്‍ റിങ്കു സിംഗിന്‍റെ തീപ്പൊരി ഫിനിഷിംഗും ഇന്ത്യക്ക് കരുത്തായി. 

നേപ്പാളിനെതിരെ തകര്‍പ്പന്‍ തുടക്കമാണ് യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദും ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഇന്ത്യയെ പത്താം ഓവറില്‍ 100 കടത്തി. 23 പന്തില്‍ 25 റണ്‍സെടുത്ത റുതുവിനെ 10-ാം ഓവറിലെ അഞ്ചാം പന്തില്‍ ദീപേന്ദ്ര സിംഗ് പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ഇതിന് ശേഷമെത്തിയ തിലക് വര്‍മ്മയും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയും ഓരോ ഓവറിന്‍റെ ഇടവേളയില്‍ മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. തിലക് 10 പന്തില്‍ രണ്ടും ജിതേഷ് 4 പന്തില്‍ അഞ്ചും റണ്‍സേ നേടിയുള്ളൂ. 

എന്നാല്‍ ഒരറ്റത്ത് അടി തുടര്‍ന്ന യശസ്വി ജയ്‌സ്വാള്‍ 48 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യയെ റണ്‍ട്രാക്കിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ കന്നി രാജ്യാന്തര ട്വന്‍റി 20 സെഞ്ചുറി നേടിയതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ അഭിനാഷ് ബൊഹാറയുടെ ക്യാച്ചില്‍ ജയ്‌സ്വാള്‍ പുറത്തായി. 49 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 100 റണ്‍സെടുത്തു. ഇതിന് ശേഷം ക്രീസിലൊന്നിച്ച ശിവം ദുബെയും റിങ്കു സിംഗും ചേര്‍ന്ന് ഇന്ത്യയുടെ റണ്ണൊഴുക്ക് തുടര്‍ന്നു. ദുബെ 19 പന്തില്‍ 25* ഉം, റിങ്കു 15 പന്തില്‍ 37* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. 

Read more: മലയാളി പൊളിയല്ലേ; കാര്യവട്ടത്ത് ന്യൂസിലൻഡ് താരത്തിന്‍റെ സിക്‌സറില്‍ സൂപ്പര്‍ ക്യാച്ച്- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം