ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ 35-ാം ഓവറിലായിരുന്നു കിവീസ് വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ തകര്‍പ്പന്‍ സിക്‌സര്‍

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ സുവര്‍ണ മുഹൂര്‍ത്തങ്ങളിലേക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മലയാളി ആരാധകന്‍റെ സൂപ്പര്‍ ക്യാച്ച്. ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക മത്സരത്തില്‍ കിവീസ് താരത്തിന്‍റെ സിക്‌സറാണ് ഗാലറിയില്‍ ആരാധകന്‍ ഒറ്റകൈ കൊണ്ട് പിടികൂടിയത്. ഗാലറിയിലെ തകര്‍പ്പന്‍ ക്യാച്ച് കണ്ട് കമന്‍റേറ്റര്‍മാര്‍ ആവേശഭരിതരായി. 

ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ 35-ാം ഓവറിലായിരുന്നു കിവീസ് വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ തകര്‍പ്പന്‍ സിക്‌സര്‍. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ തബ്രൈസ് ഷംസിയുടെ ഓഫ്‌സ്റ്റംപിന് പുറത്ത് പിച്ച് ചെയ്‌ത പന്ത് ഗാലറിയിലേക്ക് കോരിയിടുകയായിരുന്നു ഗ്ലെന്‍ ഫിലിപ്‌സ്. എന്നാല്‍ തലസ്ഥാനത്തെ കാണികളിലൊരാള്‍ പന്ത് അനായാസം പിടികൂടിയതോടെ കമന്‍ററ്റര്‍മാര്‍ക്ക് ത്രില്ലടക്കാനായില്ല. ഒറ്റകൈയന്‍ ക്യാച്ച് എന്ന വിശേഷണത്തോടെ കമന്‍റേറ്റര്‍മാര്‍ കമന്‍ററി ബോക്‌സിനെ തീപിടിപ്പിച്ചു. സന്നാഹ മത്സരങ്ങളിലെ മറ്റൊരു ക്രൗഡ് ക്യാച്ച് എന്ന് കമന്‍റേറ്റര്‍മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത് കാണാമായിരുന്നു. ഐസിസി ഈ ക്യാച്ചിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ മലയാളി ആരാധകന്‍റെ ക്യാച്ച് വലിയ ശ്രദ്ധയാകര്‍ഷിച്ചു. ഇതിനകം 13 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഫേസ്‌ബുക്കില്‍ കണ്ടത്. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഴ കളിച്ച മത്സരത്തില്‍ മഴനിയമം പ്രകാരം ന്യൂസിലന്‍ഡ് 7 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത കിവികള്‍ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. 78 റണ്‍സെടുത്ത ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയായിരുന്നു ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ പ്രോട്ടീസിനായി ഓപ്പണര്‍ ക്വിന്‍റണ്‍ ഡിക്കോക്ക് (84*) തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും മഴ കളിച്ചതോടെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. ദക്ഷിണാഫ്രിക്ക 37 ഓവറില്‍ 211-4 എന്ന സ്കോറിലെത്തിയപ്പോള്‍ മഴ പെയ്‌തതോടെ ന്യൂസിലന്‍ഡിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 

Read more: രോഹിത് ശര്‍മ്മയെ തഴഞ്ഞു; ലോകകപ്പിലെ ടോപ് സ്കോററും സെഞ്ചുറിവീരനും ആവേണ്ടയാളുടെ പേരുമായി വീരു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം