ലണ്ടന്‍: തെരഞ്ഞ് തെരഞ്ഞ് മടുത്തെങ്കിലും ഒടുവില്‍ തന്റെ ലോകകപ്പ് മെഡല്‍ കണ്ടെത്തിയെന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. പുതുതായി താമസം മാറിയ ഫ്ലാറ്റിലെ അതിഥികള്‍ക്കായുള്ള മുറിയില്‍ വെറുതെ തെരഞ്ഞപ്പോഴാണ് നഷ്ടമായെന്ന് കരുതിയ കരിയറിലെ ഏറ്റവും വിലപ്പെട്ട സമ്മാനം കണ്ടെത്തിയതയെന്ന് ആര്‍ച്ചര്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ലോകകപ്പ് കിരീടനേട്ടത്തിനൊപ്പം ലഭിച്ച ലോകകപ്പ് മെഡല്‍ നഷ്ടമായെന്ന് ജോഫ്ര ആര്‍ച്ചര്‍ വ്യക്തമാക്കിയത്.

പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് മെഡല്‍ കാണാതായതെന്നും പുതിയ വീട് അരിച്ചുപെറുക്കി തിരഞ്ഞിട്ടും മെഡല്‍ കണ്ടെത്താനായില്ലെന്നും ആര്‍ച്ചര്‍ വ്യക്തമാക്കിയിരുന്നു. ലോകകപ്പ് മെഡല്‍ ഒരു ഛായാപടത്തില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നുവെന്നും പുതിയ വീട്ടിലെത്തിയശേഷം ഛായപടം കണ്ടെങ്കിലും മെഡല്‍ അതിലില്ലായിരുന്നുവെന്നും  ആര്‍ച്ചര്‍ പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ആര്‍ച്ചര്‍. സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഫൈനല്‍ പോരാട്ടത്തില്‍ ആര്‍ച്ചര്‍ ഇംഗ്ലണ്ടിനായി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. ജയിക്കാന്‍ ന്യൂസിലന്‍ഡിന് 16 റണ്‍സായിരുന്നു സൂപ്പര്‍ ഓവറില്‍ വേണ്ടിയിരുന്നത്. എന്നാല്‍ 15 റണ്‍സ് മാത്രം ആര്‍ച്ചര്‍ വഴങ്ങിയതോടെ വീണ്ടും മത്സരം ടൈ ആയി. ഇതോടെ മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കുകയായിരുന്നു.

Also Read: ആദ്യ ലോകകപ്പ് വിക്കറ്റ് മഴയാക്കി; ആര്‍ച്ചര്‍ എറിഞ്ഞിട്ടത് റെക്കോര്‍ഡ്

ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവര്‍ എറിയേണ്ടിവരുമെന്ന് അവസാന നിമിഷം വരെ തനിക്കറിയില്ലായിരുന്നുവെന്ന് ആര്‍ച്ചര്‍ നേരത്തെ പറഞ്ഞിരുന്നു. ഗ്രൗണ്ടിലിറങ്ങുന്നതുവരെ അതേക്കുറിച്ച് എനിക്കറിയില്ലായിരുന്നു. അതിനര്‍ത്ഥം സൂപ്പര്‍ ഓവര്‍ എറിയാന്‍ എനിക്ക് ആഗ്രമില്ലായിരുന്നുവെന്നല്ല. ടീമിലെ പുതുമുഖങ്ങളിലൊരാളായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ എന്നെ സൂപ്പര്‍ ഓവര്‍ എറിയാന്‍ ഏല്‍പ്പിക്കുമെന്ന് കരുതിയല്ല. അതുകൊണ്ടുതന്നെ സൂപ്പര്‍ ഓവറിനായി ഒന്നും നേരത്തെ പ്ലാന്‍ ചെയ്തിരുന്നില്ലെന്നും ആര്‍ച്ചര്‍ പറഞ്ഞു.