ലോര്‍ഡ്‌സ്: ലോകകപ്പ് സ്‌ക്വാഡിനെ ഇംഗ്ലണ്ട് പ്രഖ്യാപിക്കും മുന്‍പ് ആരാധകരും ക്രിക്കറ്റ് വിദഗ്ദരും ചര്‍ച്ച ചെയ്ത ഒരു പേര് ബാര്‍ബഡോസുകാരന്‍റെയാണ്. ടി20 ലീഗുകളില്‍ സൂപ്പര്‍ പേസറായി വിലസുന്ന ജോഫ്ര ആര്‍ച്ചര്‍. ക്രിക്കറ്റ് ലോകം കാത്തിരുന്നതെങ്കിലും അവസാന നിമിഷം സര്‍പ്രൈസായി 24 വയസുകാരനായ ഈ ഉയരക്കാരന്‍ ലോകകപ്പ് ടീമിലെത്തി.

ആദ്യ ലോകകപ്പില്‍തന്നെ തന്‍റെ സാന്നിധ്യം ശക്തമായി അറിയിച്ചു ആര്‍ച്ചര്‍. അതിവേഗ പന്തുകളും മാറിമറിയുന്ന യോര്‍ക്കറുകളും ബൗണ്‍സറുകളും കൊണ്ട് ആര്‍ച്ചര്‍ ഈ ലോകകപ്പില്‍ 20 വിക്കറ്റുകള്‍ പിഴുതു. ഇതോടെ ഇംഗ്ലീഷ് കുപ്പായത്തിലെ ആദ്യ നാളുകളില്‍ തന്നെ ലോകകപ്പ് ചരിത്രത്തിലെ ഒരു റെക്കോര്‍ഡ് കീശയിലാക്കാന്‍ ജോഫ്രക്കായി. 

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇംഗ്ലണ്ട് താരമെന്ന നേട്ടത്തിലെത്തി ജോഫ്ര ആര്‍ച്ചര്‍. 1992 ലോകകപ്പില്‍ 16 വിക്കറ്റ് നേടിയ ഇയാന്‍ ബോത്തമിന്‍റെ കൈവശമായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്. ജോഫ്ര മാത്രമല്ല, ഇംഗ്ലീഷ് പേസ് നിരയിലെ മറ്റ് രണ്ട് പേരും ഇക്കുറി ബോത്തമിനെ മറികടന്നു. മാര്‍ക്ക് വുഡ് 18ഉം ക്രിസ് വോക്‌സ് 16 വിക്കറ്റും നേടി.   

ഈ ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ മുസ്‌താഫിസുര്‍ റഹ്‌മാനൊപ്പം 20 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാമതുണ്ട് ജോഫ്ര. 11 ഇന്നിംഗ്‌സില്‍ നിന്നാണ് ജോഫ്ര ഇത്രയും വിക്കറ്റ് നേടിയത്. എന്നാല്‍ 27 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിക്കറ്റ് നേട്ടത്തില്‍ മുന്നില്‍. ഇംഗ്ലണ്ടിനെ ലോകകപ്പ് ഫൈനലിലെത്തിച്ച ആര്‍ച്ചറെയോര്‍ത്ത് അഭിമാനിക്കുന്നുണ്ടാകും ഇംഗ്ലീഷ് ആരാധകര്‍.