പതിനാറു വയസ്സിൽ താഴെയുള്ളവർക്കായുള്ള കെസിഎ ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ, ലിറ്റിൽ മാസ്റ്റേഴ്സ്, വിന്റേജ് ക്രിക്കറ്റ് ക്ലബ്ബുകൾ മികച്ച പ്രകടനം കാഴ്ചവെച്ചു. എസ്.ജി. ക്രിക്കറ്റ് സ്കൂളിനെതിരെ ആത്രേയ ക്ലബ്ബ് ഫോളോ ഓൺ അടിച്ചേൽപ്പിച്ചപ്പോൾ, ലിറ്റിൽ മാസ്റ്റേഴ്സും വിന്റേജും തങ്ങളുടെ എതിരാളികൾക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി.
കോച്ചി: പതിനാറു വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കെസിഎ ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെതിരെ എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂളിന് ഫോളോ ഓണ്‍. മറ്റൊരു മത്സരത്തില്‍ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ലിറ്റില്‍ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് 236 റണ്‍സിന്റെ ലീഡ് നേടി. ബി.കെ. 55 കേരളയ്ക്കെതിരെ വിന്റേജ് ക്രിക്കറ്റ് ക്ലബ്ബും 10 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.
ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന്റെ കൂറ്റന്‍ സ്കോറായ 410 റണ്‍സ് പിന്തുടര്ന്ന് ബാറ്റ് ചെയ്ത എസ്.ജി. ക്രിക്കറ്റ് സ്കൂള്‍ 192 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബെന്വിന് കന്നാനയ്ക്കലിന്റെ ഉജ്ജ്വല ബൗളിങ്ങാണ് എസ്.ജി. ബാറ്റിങ് നിരയെ തകര്‍ത്തത്. മുഹമ്മദ് ഫാറൂഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത എസ്.ജി. ക്രിക്കറ്റ് സ്കൂള്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 33 റണ്‍സെന്ന നിലയിലാണ്. നേരത്തെ വിശാല്‍ ജോര്‍ജിന്റെയും (208) ശ്രീഹരി പ്രസാദിന്റെയും (57) മികവിലാണ് ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 410 റണ്‍സ് നേടിയത്.
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 159 റണ്‍സിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റില്‍ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് 395 റണ്‍സ് നേടി. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബി. ദേവര്ശാണ് (102) ലിറ്റില്‍ മാസ്റ്റേഴ്സിന്റെ ടോപ് സ്കോറര്‍. മുഹമ്മദ് റെഹാന് 86-ഉം ദേവനാരായണ് 80-ഉം ആരോണ്‍ അലക്സ് 59-ഉം റണ്‍സെടുത്തു. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി എഡ്വിന് എല്‍ദോസ്, മാധവ് വിനോദ്, കൃഷ്ണ ദര്ശന്, മുഹമ്മദ് ഫൈസാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് ഒരു വിക്കറ്റിന് 86 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ മാധവ് വിനോദ് 55 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.
മറ്റൊരു മത്സരത്തില്‍ ബി.കെ. 55 കേരളയ്ക്കെതിരെ വിന്റേജ് ക്രിക്കറ്റ് ക്ലബ്ബ് 10 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. ബി.കെ. 55-ന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 197 റണ്‍സ് പിന്തുടര്ന്ന് ബാറ്റ് ചെയ്ത വിന്റേജ് ക്രിക്കറ്റ് ക്ലബ്ബ് 207 റണ്‍സ് നേടി. 46 റണ്‍സെടുത്ത വസിഷ്ഠ് അരുണും 41 റണ്‍സെടുത്ത അര്മാന് നിജിയുമാണ് വിന്റേജ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ബി.കെ. 55 കേരളയ്ക്ക് വേണ്ടി പി.കെ. അനീബ് മൂന്നും സെഹാന്‍ മുഹമ്മദ്, എ.എം. ഭഗത്, ബി. സായ്ദേവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ബി.കെ. 55 കേരള രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 168 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്‍ അയാന് മുഹമ്മദ് 59-ഉം വിവേക് സിങ് 62-ഉം റണ്‍സ് നേടി. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി കാര്‍ത്തി മജുമാണ് വിന്റേജ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ആര്‍ജിത് സാജു മൂന്ന് വിക്കറ്റ് വീഴ്ത്തി.





