പരിക്ക് പൂർണമായി ഭേദമാകാത്തതിനാൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണ വിട്ടുനിൽക്കും. ജമ്മു കശ്മീർ പേസർ അക്വിബ് നബി പകരക്കാരനായി ടീമിലെത്തിയേക്കും. ടെസ്റ്റ് മത്സരങ്ങളിൽ പ്രസിദ്ധിന്റെ സേവനം കൂടുതൽ ആവശ്യമായതിനാലാണ് ബിസിസിഐയുടെ ഈ തീരുമാനം.

മുംബൈ: പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ വിട്ടുനില്‍ക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ നാലിനാണ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യ എയും ന്യൂസിലന്‍ഡ് എയും തമ്മിലുള്ള ആദ്യ അനൗദ്യോഗിക റെഡ്-ബോള്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജമ്മു കശ്മീര്‍ പേസര്‍ അക്വിബ് നബി പകരക്കാരനായേക്കും. പരമ്പരയില്‍ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നബിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താരത്തിന്റെ പരിക്കിനെ കുറിച്ച് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നതിങ്ങനെ... ''പ്രസിദ്ധിന്റെ പരിക്ക് ഭേദമായി വരുന്നു. നവംബര്‍ 1, 2 തീയതികളില്‍ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ അദ്ദേഹത്തിന്റെ മാച്ച് സിമുലേഷനും ഫിറ്റ്നസ് ടെസ്റ്റും നിശ്ചയിച്ചിട്ടുണ്ട്. ഏകദിനങ്ങളെ അപേക്ഷിച്ച് ടെസ്റ്റ് മത്സരങ്ങളില്‍ പ്രസിദ്ധിന്റെ സേവനം കൂടുതല്‍ ആവശ്യമായി വരുന്നതിനാല്‍, അദ്ദേഹം പൂര്‍ണമായും ആരോഗ്യവാനായി തിരിച്ചുവരട്ടെയെന്നാണ് ടീം മാനേജ്‌മെന്റും സെലക്ഷന്‍ കമ്മിറ്റിയും കരുതുന്നത്.'' ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാട്ടിലെ ഏകദിന പരമ്പരക്കിടെയാണ് പ്രസിദ്ധ് കൃഷ്ണയ്ക്ക് പേശികള്‍ക്ക് പരിക്കേല്‍ക്കുന്നത്.

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍ (അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, അക്വിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, റുതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിംഗ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.

YouTube video player