​പുതിയ തലമുറയുടെ ക്രിക്കറ്റ് ആവേശത്തെ കൃത്യമായി വരച്ചുകാട്ടുന്നതാണ് ഗാനത്തിന്‍റ വരികൾ. 'മഴയോ... വെയിലോ... സ്റ്റിൽ വീ പ്ലേ, എവരി ഡേയ്സ് എ മാച്ച് ഡേ' എന്ന് തുടങ്ങുന്ന വരികളിൽ കളിയോടുള്ള അടങ്ങാത്ത അഭിനിവേശമുണ്ട്.

തിരുവനന്തപുരം: ആട്ടം സ്റ്റാർട്ട്... ഗെയിം ഓൺ! കേരള വൈബ്... വീ ആർ ലോക്ക്ഡ് ഇൻ... ആവേശത്തിന്‍റെ പുതിയ താളവുമായി കേരള ക്രിക്കറ്റ് ലീഗിന്‍റെ പരിഷ്കരിച്ച ഔദ്യോ​ഗിക ​ഗാനം പുറത്തിറക്കി. കായിക പ്രേമികളുടെയും പുതു തലമുറയുടെയും ഊർജ്ജം ഉൾക്കൊണ്ട്, തികച്ചും വ്യത്യസ്തമായി ജെൻ സി ശൈലിയിലാണ് ഇത്തവണ ​ഗാനം റീമിക്സ് ചെയ്ത് ഒരുക്കിയിരിക്കുന്നത്. വൺ ബീറ്റ്, വൺ ലീഗ്, വൺ ടീം എന്ന പ്രമേയത്തിൽ ചിട്ടപ്പെടുത്തിയ ​ഗാനം കെസിഎൽ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്.

​പുതിയ തലമുറയുടെ ക്രിക്കറ്റ് ആവേശത്തെ കൃത്യമായി വരച്ചുകാട്ടുന്നതാണ് ഗാനത്തിന്‍റ വരികൾ. 'മഴയോ... വെയിലോ... സ്റ്റിൽ വീ പ്ലേ, എവരി ഡേയ്സ് എ മാച്ച് ഡേ' എന്ന് തുടങ്ങുന്ന വരികളിൽ കളിയോടുള്ള അടങ്ങാത്ത അഭിനിവേശമുണ്ട്. 'ഗ്രൗണ്ടിൽ ഡ്രീംസ്... ഫുൾ സെൻഡ്! സ്ക്വാഡ് റെഡി... നോ പ്രിറ്റെൻഡ്!', 'ബാറ്റിൽ പവർ... ഷോട്ട് ഗോസ് ബൂം! ഗാലറി മൊത്തം... ഷേക്ക് ദ സ്റ്റാൻഡ്സ്!' തുടങ്ങി ജെൻ സി ശൈലിയിലുള്ള വരികളും ​ഗാനത്തിന്റെ പ്രത്യേകതയാണ്. 'നമ്മൾ വരുമ്പോ എനർജി ലെവൽ അപ്പ്... ബൗണ്ടറി പോയാൽ എവരിബഡി ജമ്പ്' എന്ന് പാടിയാണ് ഈ ഗാനം ആരാധകരെ ആവേശക്കൊടുമുടിയിലേറ്റുന്നത്.

​പ്രശസ്ത പിന്നണി ഗായകനും ലൈവ് പെർഫോമറുമായ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി അർജുൻ വിജയ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. സീ തെലുങ്ക് സരിഗമപ 2021-ലെ സെമി ഫൈനലിസ്റ്റായ അർജുൻ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്. വിവേക് സാഗറിന്റെ സംഗീതത്തിൽ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്ദേഹം അനിരുദ്ധ് രവിചന്ദർ, തമൻ എസ്, രവി ബസ്രൂർ തുടങ്ങിയ ഇന്ത്യൻ സംഗീത ലോകത്തെ മുൻനിരക്കാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്ര സംഗീത രംഗത്തും സജീവമായ അർജുന്റെ സമീപകാലത്ത് പുറത്തിറങ്ങിയ തെലുങ്ക് പ്രണയ ​ഗാനം ലാവെൻഡർ സരീ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

​ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത സംഗീത സംവിധായകൻ കാർത്തിയാണ് പുതിയ തലമുറയെ ആവേശം കൊള്ളിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. സിനിമാ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും പുറമെ കായിക മാമാങ്കങ്ങളുടെ ആന്തം ഒരുക്കുന്നതിൽ ശ്രദ്ധേയമാണ് ഇദ്ദേഹം. കല്യാണം കനമണീയം ജീവിതം, ധീര, ഉന്ദാ ലേദാ, 1134 തുടങ്ങിയ ശ്രദ്ധേയമായ തെലുങ്ക് ചിത്രങ്ങൾക്ക് സംഗീതം നൽകിയ കാർത്തി കേരള ക്രിക്കറ്റ് ലീഗിന്റെ 2024, 2026 പതിപ്പുകൾക്കും വിദർഭ, ഛത്തീസ്ഗഡ് പ്രീമിയർ ലീഗുകൾക്കും സംഗീതം ഒരുക്കിയിട്ടുണ്ട്. കാർത്തിയുടെ മാസ്മരിക സംഗീതവും അർജുന്‍റെ ഊർജ്ജസ്വലമായ ആലാപനവും ചേരുമ്പോൾ കെസിഎൽ ​ഗാനം ആരാധകർക്ക് സമ്മാനിക്കുന്നത് പുതിയ അനുഭവമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക