തുടക്കത്തിൽ സഞ്ജു തകർപ്പൻ ബാറ്റിങ് പുറത്തെടുത്തപ്പോൾ മറുവശത്ത് അഭിഷേക് ശർമ്മയ്ക്ക് കൂടുതൽ പന്തുകൾ നേരിടാൻ സാധിക്കാതിരുന്നത് താരത്തിന്റെ താളം തെറ്റിച്ചെന്നും വരുൺ ആരോൺ.
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ ഇന്ത്യയുടെ തോൽവിക്ക് കാരണം മലയാളി താരം സഞ്ജു സാംസണിന്റെ പുറത്താകലെന്ന് മുൻ ഇന്ത്യൻ പേസർ വരുൺ ആരോൺ. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ സഞ്ജു മികച്ച ഫോമിലായിരുന്നുവെന്നും, സഞ്ജു പുറത്തായതോടെയാണ് ഇന്ത്യയുടെ ബാറ്റിങ് തകർച്ച ആരംഭിച്ചതെന്നും സ്റ്റാർ സ്പോർട്സിന്റെ 'ഫോളോ ദി ബ്ലൂസ്' പരിപാടിയിൽ സംസാരിക്കവെ വരുൺ ആരോൺ പറഞ്ഞു. വിൻഡീസ് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 23 പന്തിൽ 56 റൺസാണ് നേടിയത്. എന്നാൽ സഞ്ജു പുറത്തായതോടെ കളി വിൻഡീസിന് അനുകൂലമാകുകയും ഇന്ത്യ 223 റൺസിന് ഓൾഔട്ടായി 24 റൺസിന്റെ തോൽവി വഴങ്ങുകയുമായിരുന്നു.
ഈ മത്സരത്തിൽ ഒരു ബൗൺസർ പന്ത് ശരീരത്തിൽ കൊണ്ടതിന് ശേഷമുള്ള സഞ്ജുവിന്റെ ബാറ്റിങ് വേറെ തന്നെ തലത്തിലായിരുന്നു. ആ പന്ത് അദ്ദേഹത്തിനുള്ളിലെ ആവേശത്തെ ഉണർത്തിയതുപോലെയാണ് തോന്നിയത്. അതിനുശേഷം എത്ര ലളിതമായാണ് സഞ്ജു ബാറ്റ് ചെയ്തതും ടൈമിങ് കണ്ടെത്തിയതും. സഞ്ജുവിന്റെ മികച്ച ഇന്നിങ്സുകളിലൊന്നായിരുന്നു ഇത്. അവൻ മികച്ച ഫോമിലായാൽ റൺസടിക്കുന്നത് വളരെ എളുപ്പമായി മാറും. സഞ്ജു പുറത്തായതാണ് കളിയിൽ ഇന്ത്യയുടെ തകർച്ചയ്ക്ക് വഴിവെച്ചത്. ഇന്ത്യൻ ബാറ്റിങ് നിരയിൽ സഞ്ജുവും അഭിഷേക് ശർമ്മയും നിർണായക പങ്കാണ് വഹിക്കുന്നതെന്നും വരുണ് ആരോണ് പറഞ്ഞു.
തുടക്കത്തിൽ സഞ്ജു തകർപ്പൻ ബാറ്റിങ് പുറത്തെടുത്തപ്പോൾ മറുവശത്ത് അഭിഷേക് ശർമ്മയ്ക്ക് കൂടുതൽ പന്തുകൾ നേരിടാൻ സാധിക്കാതിരുന്നത് താരത്തിന്റെ താളം തെറ്റിച്ചെന്നും വരുൺ ആരോൺ ചൂണ്ടിക്കാട്ടി.ചില ദിവസങ്ങളിൽ ഒരു ബാറ്റർക്ക് റൈമിങ് കണ്ടെത്താൻ സാധിച്ചെന്നു വരില്ല. സഞ്ജു 40 റൺസിൽ നിൽക്കുമ്പോൾ അഭിഷേക് വെറും രണ്ട് പന്തുകൾ മാത്രമാണ് നേരിട്ടിരുന്നത്. കളിയിൽ താളം കണ്ടെത്തി റൺസ് കൂട്ടുന്നതാണ് അഭിഷേകിന്റെ രീതി. എന്നാൽ ഈ മത്സരത്തിൽ അതൊട്ടും ലഭിച്ചില്ല. താളം വീണ്ടെടുക്കാൻ തുടങ്ങിയപ്പോഴാകട്ടെ തനിക്ക് എന്നും വെല്ലുവിളിയാകാറുള്ള റോസ്റ്റൺ ചേസിനെയാണ് അഭിഷേക് നേരിടേണ്ടിവന്നതെന്നും ആരോണ് പറഞ്ഞു.
അഭിഷേക് ശർമ്മ 24 പന്തിൽ 29 റൺസെടുത്ത് ഗുഡകേഷ് മോടിയുടെ പന്തിൽ പുറത്താകുകയായിരുന്നു. സഞ്ജുവിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യ 60 റൺസ് കൂട്ടിച്ചേർത്തുവെങ്കിലും മധ്യനിര പ്രതീക്ഷിച്ചത്ര തിളങ്ങാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
