തമാശക്ക് പറയുകയാണെങ്കിൽ ഒരു ആധാർ കാർഡ് എടുത്തുകൊടുക്കാൻ പോലും ആഗ്രഹിച്ചുപോകുന്ന രീതിയിലാണ് ബാറ്റ് വീശുന്നതെന്നും ആകാശ് ചോപ്ര.

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസ് നായകനും വിക്കറ്റ് കീപ്പർ ബാറ്ററുമായ ഷായ് ഹോപ്പിന്‍റെ തകർപ്പൻ ബാറ്റിംഗിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയ്‌ക്കെതിരായ നാലാം ടി20യിൽ 50 പന്തിൽ പുറത്താകാതെ 102 റൺസ് നേടി ഹോപ്പ് വിൻഡീസിന് കൂറ്റൻ ജയം സമ്മാനിച്ചിരുന്നു. പരമ്പരയിലുടനീളം തകർപ്പൻ ബാറ്റിങ് പുറത്തെടുക്കുന്ന 32-കാരനായ ഹോപ്പിന് ഐപിഎല്ലില്‍ അടക്കം അർഹിച്ച പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ചോപ്ര ചൂണ്ടിക്കാട്ടി.

ഷായ് ഹോപ്പ് ഒരു ഇന്ത്യൻ താരമായിരുന്നെങ്കിൽ ഐപിഎൽ ലേലത്തിൽ എത്ര കോടിക്കായിരിക്കും അദ്ദേഹം വിറ്റഴിക്കപ്പെടുക എന്ന് ആലോചിച്ചു നോക്കൂ. ഏത് സാഹചര്യത്തിലും സാങ്കേതികമായി തികവോടെ ആക്രമിച്ചു കളിക്കാൻ ഷായ് ഹോപ്പിന് സാധിക്കുന്നുണ്ട്. വളരെ അണ്ടർറേറ്റഡ് ആയ ഒരു ക്രിക്കറ്ററാണ് ഷായ് ഹോപ്പെന്നും ആകാശ് ചോപ്ര പറഞ്ഞു. ഹൈദരാബാദിൽ നടന്ന നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഹോപ്പിന്‍റെ സെഞ്ചുറി കരുത്തിൽ 247 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 223 റൺസിന് പുറത്താകുകയും 24 റൺസിന്‍റെ തോൽവി വഴങ്ങുകയുമായിരുന്നു.

ഓപ്പണറായി ഇറങ്ങി ഇന്നിങ്സ് അവസാനിക്കുന്നത് വരെ ക്രീസിൽ നിലയുറപ്പിച്ച ഹോപ്പിന്, തമാശക്ക് പറയുകയാണെങ്കിൽ ഒരു ആധാർ കാർഡ് എടുത്തുകൊടുക്കാൻ പോലും ആഗ്രഹിച്ചുപോകുന്ന രീതിയിലാണ് ബാറ്റ് വീശുന്നതെന്നും ചോപ്ര കൂട്ടിച്ചേർത്തു. ഏകദിന ക്രിക്കറ്റിൽ 21 സെഞ്ചുറികൾ നേടിയിട്ടുള്ള ഹോപ്പ് ക്ലാസിക് ഷോട്ടുകളിലൂടെ തന്നെയാണ് ടി20യിലും റൺസ് കണ്ടെത്തുന്നത്. സാങ്കേതികത്തികവുള്ള ബാറ്റിങ് ശൈലി ടി20യിൽ വേഗത കുറയ്ക്കില്ലെന്നും മറിച്ച് കൂടുതൽ കരുത്ത് നൽകുമെന്നും വിരാട് കോലി, കെ.എൽ രാഹുൽ എന്നിവരെ ഉദാഹരണമാക്കി ചോപ്ര വ്യക്തമാക്കി. ഇന്ത്യയും വിന്‍ഡീസും തമ്മില്‍ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നിലവിൽ 2-2 എന്ന നിലയിൽ സമനിലയിലാണ്. ഐപിഎല്ലില്‍ 2024ൽ ഡല്‍ഹി ക്യാപിറ്റൽസിന്‍റെ ഭാഗമായിരുന്ന ഹോപ്പ് 75 ലക്ഷം രൂപക്കാണ് ടീമിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക