രണ്ട് വിക്കറ്റിന് 113 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച ശ്രീലങ്ക ഒരു ഘട്ടത്തിൽ 5 വിക്കറ്റിന് 300 റൺസ് എന്ന സുരക്ഷിതമായ നിലയിലായിരുന്നു.

ഗോള്‍: ശ്രീലങ്ക 'എ' ടീമിനെതിരായ ഒന്നാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് മത്സരത്തിൽ പേസര്‍ ആഖിബ് നബിയുടെ തകർപ്പൻ ബൗളിങ് മികവിൽ ഇന്ത്യ 'എ' മികച്ച നിലയില്‍. മത്സരത്തിന്‍റെ മൂന്നാം ദിനം ശ്രീലങ്ക എയുടെ ഒന്നാം ഇന്നിംഗ്സ് 330 റണ്‍സില്‍ അവസാനിപ്പിച്ച് 122 രണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ എ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്. ഒരു ദിവസവും 10 വിക്കറ്റും ബാക്കിയിരിക്കെ ഇന്ത്യക്കിപ്പോള്‍ 170 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. നാല് വിക്കറ്റെടുത്ത ആഖിബ് നബിയുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്.

രണ്ട് വിക്കറ്റിന് 113 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച ശ്രീലങ്ക ഒരു ഘട്ടത്തിൽ 5 വിക്കറ്റിന് 300 റൺസ് എന്ന സുരക്ഷിതമായ നിലയിലായിരുന്നു. അഷെൻ ബണ്ഡാരയും (70) ക്യാപ്റ്റൻ സഹൻ അരച്ചിഗെയും (72) ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 117 റൺസിന്‍റെ കൂട്ടുകെട്ടാണ് ലങ്കയ്ക്ക് കരുത്തായത്. ഇന്ത്യൻ സ്പിന്നർമാരെ അതിർത്തി കടത്തി അരച്ചിഗെ മൂന്ന് സിക്സറുകളും പറത്തി. എന്നാൽ ഈ സഖ്യത്തെ സ്പിന്നർമാരായ സാരാംശ് ജെയിനും ഹർഷ് ദുബെയും ചേർന്ന് പുറത്താക്കിയതോടെയാണ് ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തി. ശ്രീലങ്ക 5 വിക്കറ്റിന് 268 റൺസിൽ നിൽക്കെ ഇന്ത്യൻ നായകൻ ധ്രുവ് ജുറെൽ പുതിയ പന്ത് എടുത്തു. പിന്നീട് 30 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ലങ്കയുടെ അവസാന അഞ്ച് വിക്കറ്റുകൾ ഇന്ത്യ പിഴുതു. ആഖിബ് നബി 19.4 ഓവറിൽ 58 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി ലങ്കൻ ഇന്നിങ്സ് 330 റൺസിൽ അവസാനിപ്പിച്ചു. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 452 റൺസെടുത്തിരുന്നു.

ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറി വീരൻ സായ് സുദർശൻ 4 റൺസെടുത്ത് നിൽക്കെ പരിക്കേറ്റ് പുറത്തായത് തിരിച്ചടിയായി. എന്നാൽ സഹ ഓപ്പണർ ആയുഷ് പാണ്ഡെയും (20*), ദേവ്ദത്ത് പടിക്കലും (20*) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ മൂന്നാം ദിനം കളി അവസാനിപ്പിച്ചു. നാലാമത്തെയും അവസാനത്തെയും ദിവസമായ നാളെ, ലഞ്ചിന് മുൻപ് പരമാവധി റൺസ് അടിച്ചുകൂട്ടി ശ്രീലങ്കയ്ക്ക് മുന്നിൽ 300-ലധികം റൺസിന്‍റെ ലക്ഷ്യം വെക്കാനാകും ഇന്ത്യയുടെ ശ്രമം. ബാക്കിയുള്ള രണ്ട് സെഷനുകളിൽ ലങ്കയെ ഓൾഔട്ടാക്കി മത്സരം സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ 'എ' ടീം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക