സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കി ഒരു വിവാഹാഭ്യര്‍ഥന. ഓസ്‌ട്രേലിയന്‍ കാമുകിയോട് ഇന്ത്യന്‍ ആരാധകനാണ് ഗാലറിയില്‍ വച്ച് വിവാഹാഭ്യര്‍ഥന നടത്തിയത്. ഈ സ്വപ്‌ന നിമിഷങ്ങള്‍ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞതോടെ കയ്യടിച്ച് ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ രംഗത്തെത്തുകയും ചെയ്തു.

കൊവിഡ് പ്രതിസന്ധി കാരണം 50 ശതമാനം ആരാധകര്‍ക്ക് മാത്രമാണ് സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രവേശനം. എന്നാല്‍ ഗാലറിയില്‍ ഉത്സവാന്തരീക്ഷം സൃഷ്‌ടിക്കുന്നതായി വിവാഹാഭ്യര്‍ഥന. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 20-ാം ഓവര്‍ പിന്നിട്ട ഇടവേളയിലായിരുന്നു സംഭവം. അടുത്ത കസേരയിലിരുന്ന കാമുകിയോട് കാല്‍മുട്ടില്‍ നിലത്തിരുന്ന് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു ഇന്ത്യന്‍ ആരാധകന്‍. യുവതി സമ്മതം മൂളിയതോടെ അദേഹം മോതിരം അണിയിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ വിവാഹാഭ്യര്‍ഥന യുവതിക്ക് വിശ്വസിക്കാനായില്ല.  

ഓവറിന്‍റെ ഇടവേളയിലായിരുന്നതിനാല്‍ സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ ഈ ദൃശ്യം തല്‍സമയം പ്രത്യക്ഷപ്പെട്ടു. കാണികള്‍ എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവം മുഴക്കി എന്ന് മാത്രമല്ല, ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ കയ്യടിക്കുകയും ചെയ്തു. കമന്‍റേറ്റര്‍മാരും ഈ അപൂര്‍വ നിമിഷം ആഘോഷമാക്കി. 

കാണാം ദൃശ്യങ്ങള്‍