സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കത്തിന് ശേഷം ഓപ്പണര്‍മാരെ നഷ്‌ടം. ശുഭ്‌മാന്‍ ഗില്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍(50), രോഹിത് ശര്‍മ്മ 26 റണ്‍സില്‍ മടങ്ങി. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 338 റണ്‍സ് പിന്തുടരുന്ന ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുത്തപ്പോള്‍ 96-2 എന്ന നിലയിലാണ്. അജിങ്ക്യ രഹാനെയും(40 പന്തില്‍ 5), ചേതേശ്വര്‍ പൂജാരയും(53 പന്തില്‍ 9) ആണ് ക്രീസില്‍. ഓസ്‌ട്രേലിയന്‍ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 242 റണ്‍സ് കൂടി വേണം. 

നന്നായി തുടങ്ങി ഗില്ലും ഹിറ്റ്‌മാനും, പക്ഷേ...

മറുപടി ബാറ്റിംഗില്‍ ആത്മവിശ്വാസത്തോടെയാണ് രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും തുടങ്ങിയത്. എന്നാല്‍ ഇരുവരുടേയും കൂട്ടുകെട്ട് 70 റണ്‍സില്‍ നില്‍ക്കേ 27-ാം ഓവറില്‍ ജോഷ് ഹേസല്‍വുഡിന്‍റെ റിട്ടേണ്‍ ക്യാച്ച് ഞെട്ടലായി. 77 പന്തില്‍ 26 റണ്‍സുമായി ഹിറ്റ്‌മാന്‍ പുറത്ത്. ഗില്‍ വൈകാതെ 100 പന്തില്‍ നിന്ന് കന്നി ടെസ്റ്റ് ഫിഫ്റ്റി പൂര്‍ത്തിയാക്കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഗില്ലിനെ കമ്മിന്‍സ് പറഞ്ഞയച്ചു. പന്ത് ഔട്ട്‌സൈഡ് എഡ്ജായി ഗള്ളിയില്‍ ഗ്രീനിന് അരികിലേക്ക്. പറക്കും ക്യാച്ചുമായാണ് ഗ്രീന്‍ എഴുന്നേറ്റത്. ഗില്‍ നേടിയത് 101 പന്തില്‍ 50 റണ്‍സ്. 

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെര‍ഞ്ഞെടുത്ത ഓസ്‌ട്രേലിയ 105.4 ഓവറില്‍ 338 റണ്‍സില്‍ പുറത്താവുകയായിരുന്നു. നാല് വിക്കറ്റുമായി സ്‌പിന്നര്‍ രവീന്ദ്ര ജഡേജയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്. എന്നാല്‍ ഫോമിലേക്ക് തിരിച്ചെത്തിയ സ്റ്റീവ് സ്‌മിത്തിന്‍റെ 27-ാം ടെസ്റ്റ് സെഞ്ചുറിയും(131) മാര്‍നസ് ലബുഷെയ്‌ന്‍(91), വില്‍ പുകോവ്‌സ്‌കി(62) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓസീസിന് കരുത്തായി. ജഡേജയുടെ നാലിന് പുറമേ, സൈനിയും ബുമ്രയും രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്‌ത്തി.  

നാല് തികച്ച് ജഡേജയുടെ ക്ലാസ്

രണ്ട് വിക്കറ്റിന് 166 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാംദിനം തുടങ്ങിയത്. എന്നാല്‍ ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റുമായി ജഡേജ ആഞ്ഞടിച്ചു. സ്‌മിത്തും ലബുഷെയ്‌നും ക്രീസില്‍ നില്‍ക്കേ കൂറ്റന്‍ സ്‌കോറായിരുന്നു ഓസീസ് പ്രതീക്ഷ. 100 റണ്‍സ് കൂട്ടുകെട്ടുമായി കുതിക്കുകയായിരുന്ന സ്‌മിത്ത്-ലബുഷെയ്‌ന്‍ സഖ്യം. ലബുഷെയ്‌ന് സ്ലിപ്പില്‍ രഹാനെ കെണിയൊരുക്കി. 71-ാം ഓവറിലെ അഞ്ചാം പന്തില്‍ ജഡേജയെ കട്ട് ഷോട്ടിന് ശ്രമിച്ച് ലബുഷെയ്‌ന്‍ സ്ലിപ്പില്‍ രഹാനയുടെ സുന്ദരന്‍ ക്യാച്ചില്‍ പുറത്ത്. 

ലബുഷെയ്‌ന് സെഞ്ചുറി നഷ്‌ടം

196 പന്തില്‍ 91 റണ്‍സായിരുന്നു മാര്‍നസ് ലബുഷെയ്‌ന്‍റെ സമ്പാദ്യം. ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ചുറിക്ക് ഒന്‍പത് റണ്‍സ് അകലെ മടക്ക ടിക്കറ്റ്. വൈകാതെ 77-ാം ഓവറില്‍ മാത്യൂ വെയ്‌ഡിനെയും ജഡേജ തന്നെ പറഞ്ഞയച്ചു. ബുമ്രക്കായിരുന്നു ക്യാച്ച്. വെയ്ഡ് നേടിയത് 13 റണ്‍സ്. രണ്ടാം സെഷനില്‍ പാറ്റ് കമ്മിന്‍സും നേഥന്‍ ലിയോണും അക്കൗണ്ട് പോലും തുറക്കാനാവാതെ ജഡേജയ്‌ക്ക് കീഴടങ്ങി. ഇതോടെ ജഡേജയ്‌ക്ക് 16 ഓവറില്‍ 62 റണ്‍സിന് നാല് വിക്കറ്റ്. 

പെയ്‌ന് വേദന മാത്രം

കാമറൂണ്‍ ഗ്രീനിനെയും(0), ടിം പെയ്‌നിനെയും(1) ബുമ്രയും മിച്ചല്‍ സ്റ്റാര്‍ക്കിനെ(24) നവ്‌ദീപ് സെയ്‌നിയും പുറത്താക്കി. നായകന്‍ കൂടിയായ പെയ്‌ന്‍ ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ജോഷ് ഹേസല്‍വുഡ് ഒരു റണ്ണുമായി പുറത്താവാതെ നിന്നു. 

എല്ലാവരും ഞെട്ടി, പുതുവര്‍ഷത്തില്‍ പുതു സ്‌മിത്ത്!

ലബുഷെയ്‌ന്‍ പുറത്തായ ശേഷം ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ആത്മവിശ്വാസം കൈവിടാതിരുന്ന സ്‌മിത്താണ് ഓസീസിനെ കാത്തത്. 115 പന്തില്‍ അര്‍ധ സെഞ്ചുറി പിന്നിട്ടപ്പോള്‍ 201 പന്തില്‍ മൂന്നക്കം കണ്ടു. ടെസ്റ്റ് കരിയറില്‍ സ്‌മിത്തിന്‍റെ 27-ാമത്തേയും ഇന്ത്യക്കെതിരെ എട്ടാമത്തേയും ശതകം. കഴിഞ്ഞ നാല് ഇന്നിംഗ്‌സുകളില്‍ 10 റണ്‍സ് മാത്രം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന്‍റെ വിസ്മയ തിരിച്ചുവരവ്. അതും പുതുവര്‍ഷത്തിലെ ആദ്യ ഇന്നിംഗ്‌സില്‍. പക്ഷേ ജഡേജയുടെ ബുള്ളറ്റ് ത്രോ 105-ാം ഓവറില്‍ സ്‌മിത്തിന്‍റേയും ഓസീസിന്‍റേയും ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 

ആദ്യദിനം വീണത് രണ്ട് വിക്കറ്റ്

മഴ കളിച്ച ആദ്യ ദിനം ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുടേയും വില്‍ പുകോവ്‌സ്‌കിയുടേയും വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്‌മായത്. പരിക്കില്‍ നിന്നുള്ള തിരിച്ചുവരവില്‍ വാര്‍ണര്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് മുഹമ്മദ് സിറാജ് വിക്കറ്റ് നല്‍കി. മറുവശത്ത് അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ചുറിമായി തിളങ്ങി പുകോവ്‌സ്‌കി. മൂന്ന് തവണ ഇന്ത്യന്‍ താരങ്ങള്‍ അവസരങ്ങള്‍ പാഴാക്കിയതിന്‍റെ കൂടി അകമ്പടിയിലായിരുന്നു ഇന്നിംഗ്‌സ്. 35-ാം ഓവറില്‍ പുകോവ്‌സ്‌കിയെ ഇന്ത്യയുടെ അരങ്ങേറ്റ താരം നവ്ദീപ് സെയ്‌നി എല്‍ബിയില്‍ കുടുക്കി.