സിഡ്‌നി: ഇന്ത്യക്കെതിരെ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറിയോടെ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിന് തകര്‍പ്പന്‍ റെക്കോര്‍ഡ്. ടെസ്റ്റ് കരിയറില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ സ്‌മിത്ത് ഇടംപിടിച്ചു. എന്നാല്‍ ഇവരില്‍ വേഗത്തില്‍ നേട്ടത്തിലെത്തിയതിന്‍റെ റെക്കോര്‍ഡ് സ്‌മിത്തിനാണ്. 

ടെസ്റ്റില്‍ ഇന്ത്യക്കെതിരെ എട്ട് ശതകങ്ങള്‍ നേടുന്ന നാലാം താരമാണ് സ്റ്റീവ് സ്‌മിത്ത്. ഇതിഹാസ താരങ്ങളായ ഗാരി സോബേര്‍സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിംഗ് എന്നിവരാണ് ഇതിന് മുമ്പ് എട്ട് സെഞ്ചുറികള്‍ തികച്ചിട്ടുള്ളത്. സ്‌മിത്ത് 25 ഇന്നിംഗ്‌സിലും സോബേര്‍സ് 30 ഇന്നിംഗ്‌സിലും റിച്ചാര്‍ഡ്സ് 41 ഇന്നിംഗ്‌സിലും പോണ്ടിംഗ് 51 ഇന്നിംഗ്‌സിലുമാണ് നേട്ടത്തിലെത്തിയത്. 

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ 115 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച സ്‌മിത്ത് 201 പന്തില്‍ മൂന്നക്കം കണ്ടെത്തി. സ്‌മിത്തിന്‍റെ 27-ാം ടെസ്റ്റ് ശകതമാണിത്. ഈ പരമ്പരയില്‍ ഒരു ഓസീസ് ബാറ്റ്സ്‌മാന് ആദ്യമായാണ് സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. മാത്രമല്ല, സ്‌മിത്ത് രണ്ടക്കം കടന്നതും ഇതാദ്യം. ആദ്യ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംഗ്‌സുകളില്‍ ആകെ 10 റണ്‍സ് മാത്രമായിരുന്നു സ്‌മിത്തിന് നേടാനായിരുന്നത്. 

ജഡേജക്ക് നാല് വിക്കറ്റ്, സ്‌മിത്തിന് സെഞ്ചുറി; സിഡ്‌നിയില്‍ ഓസീസ് 338ല്‍ പുറത്ത്