മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ ഉമേഷ് യാദവിന് പകരം പേസര്‍ ടി നടരാജനെ ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. മെല്‍ബണില്‍ ഇന്ത്യന്‍ ടീമിനൊപ്പം തീവ്ര പരിശീലനത്തിലാണ് താരം. സിഡ്‌നിയില്‍ നടക്കേണ്ട മൂന്നാം ടെസ്റ്റിനായി തയ്യാറെടുക്കുന്ന നടരാജന്‍ പരിശീലനത്തിനിടെ മികച്ച ക്യാച്ചുമായി തിളങ്ങിയിരിക്കുകയാണ്. 

ടീം ഇന്ത്യയുടെ ഞായറാഴ്‌ചത്തെ പരിശീലനത്തിനിടെയായിരുന്നു നടരാജന്‍റെ ക്യാച്ച്. ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധരന്‍റെ കീഴിലുള്ള പരിശീലനത്തിനിടെ പിന്നോട്ടോടി ഗംഭീര ക്യാച്ചെടുക്കുകയായിരുന്നു താരം. ഈ പര്യടനത്തില്‍ നടരാജന്‍ തന്‍റെ അവസരങ്ങള്‍ നന്നായി കൈപ്പിടിയിലൊതുക്കുന്നു എന്ന കുറിപ്പോടെ ബിസിസിഐ ക്യാച്ചിന്‍റെ വീഡിയോ ട്വീറ്റ് ചെയ്തു. 

ഐപിഎല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ നെറ്റ് ബൗളറായാണ് നടരാജന്‍ ഓസ്‌ട്രേലിയയിലെത്തിയത്. എന്നാല്‍ ഏകദിന പരമ്പരയ്‌ക്കിടെ നവ്‌ദീപ് സെ‌യ്‌നിയുടെ കവര്‍ ബൗളറായും ടി20യില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പകരക്കാരനായും ഇടംപിടിച്ച നടരാജന്‍ ഇരു ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇതിന് പിന്നാലെ ടെസ്റ്റ് അരങ്ങേറ്റവും കുറിക്കാനുള്ള അവസരമാണ് നടരാജന് ഒരുങ്ങിയിരിക്കുന്നത്. 

ഉമേഷ് യാദവിന് പകരക്കാരന്‍ നടരാജന്‍; ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനമെത്തി