സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ പരിക്കേറ്റ ഉമേഷ് യാദവിന് പകരം ഇടംകൈയന്‍ പേസര്‍ ടി നടരാജനെ ഉള്‍പ്പെടുത്തി. പരിക്കിന്‍റെ പിടിയിലുള്ള മറ്റൊരു പേസര്‍ മുഹമ്മദ് ഷമിക്ക് പകരം ഷാര്‍ദുല്‍ താക്കൂറിനെ ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുമ്പ് സ്‌ക്വാഡില്‍ ചേര്‍ത്തിരുന്നു. 

ഉമേഷും ഷമിയും ആരോഗ്യം വീണ്ടെടുക്കുന്നതിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെത്തിയ രോഹിത് ശര്‍മ്മ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി ടീമിനൊപ്പം ചേര്‍ന്നതായും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. രോഹിത് പരിശീലനം നടത്തുന്ന ചിത്രം ബിസിസിഐ വ്യാഴാഴ്‌ച ട്വീറ്റ് ചെയ്തിരുന്നു. 

മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിന്‍റെ മൂന്നാംദിനമാണ് ഉമേഷിന്‍റെ ഇടംകാലിലെ മസിലിന് പരിക്കേറ്റത്. സ്‌കാനിംഗിന് വിധേയനാക്കപ്പെട്ട താരം അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്ക് മുമ്പ് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കില്ല എന്ന് വ്യക്തമായതോടെയാണ് നടരാജനെ പകരക്കാരനായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. 

തമിഴ്‌നാട്ടില്‍ നിന്നുള്ള ഇരുപത്തിയൊമ്പതുകാരനായ ടി നടരാജന്‍ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 64 വിക്കറ്റ് നേടിയിട്ടുണ്ട്. നെറ്റ് ബൗളറായി ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ എത്തിയ നടരാജന്‍ പര്യടനത്തിനിടെ ഏകദിന, ടി20 കുപ്പായങ്ങളില്‍ അരങ്ങേറ്റം കുറിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. 

ജനുവരി ഏഴാം തീയതി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഓസ്‌ട്രേലിയ-ഇന്ത്യ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരുടീമും തുല്യത പാലിക്കുകയാണ്. ബ്രിസ്‌ബേനില്‍ 15-ാം തീയതി അവസാന മത്സരത്തിന് തുടക്കമാകും. 

ഞാനല്ല, നീയാണ് അര്‍ഹന്‍; മാന്‍ ഓഫ് ദ സീരീസ് പുരസ്കാരം നടരാജന് സമ്മാനിച്ച് ഹാര്‍ദിക് പാണ്ഡ്യ