മെല്‍ബണ്‍: ടെസ്റ്റില്‍ ഈ വര്‍ഷം(2019) ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ബൗളറെന്ന നേട്ടം ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്. 12 ടെസ്റ്റുകളില്‍ നിന്നായി 59 വിക്കറ്റുകളാണ് ഓസീസ് പേസര്‍ ഈ വര്‍ഷം വീഴ്‌ത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണിനേക്കാള്‍ 14 വിക്കറ്റുകള്‍ കൂടുതലുണ്ട് കമ്മിന്‍സിന്. ലിയോണ്‍ 12 മത്സരങ്ങളില്‍ നിന്നാണ് 45 വിക്കറ്റ് നേടിയത്. ആറ് മത്സരങ്ങളില്‍ നിന്ന് 43 വിക്കറ്റുകളുമായി കിവീസിന്‍റെ നീല്‍ വാഗ്‌നറാണ് മൂന്നാം സ്ഥാനത്ത്. എട്ട് മത്സരങ്ങളില്‍ നിന്ന് 33 വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍.

 

ഈ വര്‍ഷം എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറും പാറ്റ് കമ്മിന്‍സാണ്. 99 വിക്കറ്റുകളാണ് 2019ല്‍ കമ്മിന്‍സ് കീശയിലാക്കിയത്. ടെസ്റ്റിലെ 59 വിക്കറ്റുകള്‍ക്ക് പുറമെ ഏകദിനത്തില്‍ 31 ഉം ടി20യില്‍ ഒന്‍പത് വിക്കറ്റുമാണ് താരത്തിന്‍റെ സമ്പാദ്യം. 30 മത്സരങ്ങളില്‍ നിന്ന് 77 വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് രണ്ടാം സ്ഥാനത്ത്. 42 വിക്കറ്റുകള്‍ കൊയ്‌ത ഷമിയാണ് 2019ല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍.

ഒരു വര്‍ഷം 100 വിക്കറ്റുകളെന്ന നേട്ടം തലനാരിഴയ്‌ക്കാണ് പാറ്റ് കമ്മിന്‍സിന് നഷ്ടമായത്. ന്യൂസിലന്‍ഡിനെതിരെ മെല്‍ബണ്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിന്‍റെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയ കമ്മിന്‍സിന് രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും നേടാനായില്ല. ഐപിഎല്‍ ചരിത്രത്തില്‍ ഒരു വിദേശ താരത്തിന് ലഭിക്കുന്ന ഉയര്‍ന്ന ലേലത്തുക എന്ന നേട്ടം കമ്മിന്‍സ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 15.5 കോടി രൂപ മുടക്കിയാണ് ഓസീസ് സ്റ്റാര്‍ പേസറെ ടീമിലെത്തിച്ചത്.