മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ അഗ്രസീവായി പെരുമാറുനന്നില്ലെന്ന് മൈക്കല്‍ ക്ലാര്‍ക്കിന്റെ ആരോപണം തള്ളി ആരോണ്‍ ഫിഞ്ച്. അടുത്തിടെയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഐപിഎല്‍ കരാര്‍ നഷ്ടമാകുമെന്ന് ഭയകാരണമാണ് ഓസീസ് താരങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ക്ലാര്‍ക്കിന്റെ ആരോപണം. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോഴത്തെ ക്യാപ്റ്റനായ ഫിഞ്ച്. 

ക്ലാര്‍ക്കിന് തെറ്റുപറ്റിയതെന്നാണ് ഫിഞ്ച് പറഞ്ഞു. ''ക്ലാര്‍ക്ക് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഏതൊരു ടീമിനോടും മുഴുവന്‍ ആത്മാര്‍ത്ഥതയോടെയാണ് ഓസീസ് കളിച്ചിട്ടുള്ളത്. ടീമിലെ ഏതൊരു താരത്തോടും ഇതിനെ കുറിച്ച് ചോദിക്കാം. ശക്തമായ പേസ്- സ്പിന്‍ നിരയാണ് ഇന്ത്യയുടേത്. അവര്‍ക്കെതിരെ ഒളിച്ച് കളിക്കാന്‍ സാധിക്കില്ല. ഒരോ വ്യക്തിക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞങ്ങള്‍ ടീമിനു അകത്തു നിന്നു കാണാത്ത ചില കാര്യങ്ങള്‍ പുറത്തുള്ള ക്ലാര്‍ക്ക് കണ്ടിരിക്കാം.'' ഫിഞ്ച് പറഞ്ഞു. നേരത്തെ ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്‌നും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു.

2018-19ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തെക്കുറിച്ചായിരുന്നു ക്ലാര്‍ക്കിന്റെ പരാമര്‍ശം. നാലു ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ അന്നു ചരിത്രം കുറിക്കുകയും ചെയ്തിരുന്നു.