ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ വനിതാ എ ടീമിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ എ വനിതാ ടീമിന് തോല്‍വി. 13 റണ്‍സിന്റെ തോല്‍വിയാണ് രാധാ യാദവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. 50 റണ്‍സ് നേടിയ അനിക ലിയറോയിഡാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി പ്രേമ റാവത് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് നേടാന്‍ സാധിച്ചത്. രാഘ്‌വി ബിസ്റ്റ് 33 റണ്‍സ് നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലെത്തി. മലയാളി താരങ്ങളായ സജന സജീവന്‍, മിന്നു മണി എന്നിവര്‍ ടീമിലുണ്ടായിരുന്നു.

അവസാന രണ്ട് ഓവറില്‍ 21 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സജന - രാധ സഖ്യമായിരുന്നു ക്രീസില്‍. 19-ാം ഓവറില്‍ നാല് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇതില്‍ തന്നെ അവസാന മൂന്ന് പന്തുകളില്‍ സജനയ്ക്ക് റണ്‍സെടുക്കാന്‍ സാധിച്ചില്ല. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 17 റണ്‍സ്. എന്നാല്‍ മൂന്ന് റണ്‍സ് നേടാനാണ് സാധിച്ചത്. ഇതിലും സജനയ്ക്ക് രണ്ട് പന്ത് തൊടാനായില്ല. സജന (11 പന്തില്‍ ഏഴ്), രാധ (22 പന്തില്‍ 26) പുറത്താവാതെ നിന്നു. രാഘ്‌വിക്ക് പുറമെ ഉമ ഛേത്രി ഇന്ത്യക്ക് വേണ്ടി 31 റണ്‍സെടുത്തു.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ഷെഫാലി വര്‍മ (3) നാലാം ഓവറില്‍ തന്നെ മടങ്ങി. തുടര്‍ന്നെത്തിയ ധാര ഗുജ്ജാര്‍ (7), ദിനേശ് വൃന്ദ (5) എ്ന്നിവര്‍ക്ക് തിളങ്ങാനായില്ല. വേഗത്തില്‍ റണ്‍സ് കണ്ടെത്താനുള്ള ശ്രമത്തില്‍ ഉമയും മടങ്ങിയതോടെ ഇന്ത്യ 11.2 ഓവറില്‍ നാലിന് 52 എന്ന നിലയിലായി. പിന്നീട് രാഘ്‌വി - രാധസ സഖ്യം 52 റണ്‍സ് കൂട്ടിചേര്‍ത്തു. 17-ാം ഓവറിലാണ് രാഘ്‌വി മടങ്ങുന്നത്. പിന്നീട് സജന - രാധ സഖ്യത്തിന് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. ഓസീസിന് വേണ്ടി എമി എഡ്ഗര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഓസീസ് നിരയില്‍ ലിയറോയിഡിന് പുറമെ അലീസ ഹീലി (27), തഹ്ലിയ വില്‍സണ്‍ (17), ക്വാര്‍ട്ടിന് വെബ് (11) എന്നിവരും രണ്ടക്കം കണ്ടു. രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്ത് സജന ഒരു വിക്കറ്റ് നേടി. മൂന്ന് ഓവര്‍ എറിഞ്ഞ മിന്നു 17 റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചതുമില്ല.

YouTube video player