അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്ത ആര്‍ അശ്വിനും ചേര്‍ന്നാണ് നാഗ്പൂരിലെ സ്പിന്‍ പിച്ചില്‍ ഓസീസിനെ കറക്കി വീഴ്ത്തിയത്.

നാഗ്പൂര്‍: ഇന്ത്യക്കെതിരായ നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 177 റണ്‍സിന് പുറത്ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആദ്യ ദിനം ചായക്ക് ശേഷം 63.5 ഓവറില്‍ 177 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്ത ആര്‍ അശ്വിനും ചേര്‍ന്നാണ് നാഗ്പൂരിലെ സ്പിന്‍ പിച്ചില്‍ ഓസീസിനെ കറക്കി വീഴ്ത്തിയത്. 49 റണ്‍സെടുത്ത മാര്‍നസ് ലാബുഷെയ്നാണ് ഓസീസിന്‍റെ ടോപ് ,സ്കോറര്‍. സ്റ്റീവ് സ്മിത്ത് 37ഉം അലക്സ് ക്യാരി 36 ഉം റണ്‍സെടുത്തു.

ഞെട്ടിച്ച് പേസര്‍മാര്‍

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ഡേവിഡ് വാര്‍ണര്‍ (1), ഉസ്മാന്‍ ഖവാജ (1) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ മൂന്നോവവറിനുള്ളില്‍ തന്നെ നഷ്ടമായിരുന്ന. തന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഖവാജയെ മുഹമ്മദ് സിറാജും തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ വാര്‍ണറെ മുഹമ്മദ് ഷമിയുമാണ് പുറത്തക്കിയത്. തുടക്കത്തിലെ തകര്‍ച്ചയില്‍ ഉലയാതെ പിടിച്ചു നിന്ന ലാബുഷെയ്നും സ്മിത്തും ചേര്‍ന്ന് 82 റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസിനെ കരകയറ്റുന്നതാണ് കണ്ടത്. ആദ്യ സെഷനില്‍ സ്പിന്നര്‍മാരെ ഫലപ്രദമായി നേരിട്ട ഇവരുരും ലഞ്ചിന് പിരിയുമ്പോള്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ 76 റണ്‍സിലെത്തിച്ചു.

Scroll to load tweet…

നടുവൊടിച്ച് ജഡേജ

എന്നാല്‍ ലഞ്ചിനുശേഷം രവീന്ദ്ര ജഡേജ കറക്കി വീഴ്ത്തി. തുടക്കത്തില്‍ 2-2ലേക്ക് കൂപ്പുകുത്തിയ ഓസീസിനെ കരകയറ്റിയ മാര്‍നസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും ചേര്‍ന്നുള്ള 74 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യക്ക് ഭീഷണിയായി വളരുമ്പോഴാണ് ലഞ്ചിനുശേഷമുള്ള തന്‍റെ രണ്ടാം ഓവറില്‍ പൊരുതി നിന്ന ലാബുഷെയ്നെ(49) പുറത്താക്കി ജഡേജ കൂട്ടുകെട്ട് പൊളിച്ചത്.

Scroll to load tweet…

ജഡേജയുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ മുന്നോട്ടാഞ്ഞ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ലാബുഷെയ്നിനെ കെ എസ് ഭരത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ മാറ്റ് റെന്‍ഷോയെ(0) വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ഇരട്ട പ്രഹരമേല്‍പ്പിച്ചു. പിന്നാലെ അക്സര്‍ പട്ടേലിന്‍റെ ഒരോവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് കൗണ്ടര്‍ അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ(37) ക്ലീന്‍ ബൗള്‍ഡാക്കി ജഡേജ ഓസീസിന്‍റെ നടുവൊടിച്ചു. ഇതോടെ 76-2ല്‍ നിന്ന് ഓസീസ് 109-5ലേക്ക് കൂപ്പുകുത്തി.

അശ്വിന്‍റെ ഇരട്ടപ്രഹരം

അഞ്ച് വിക്കറ്റ് നഷ്ടമായശേഷം അലക്സ് ക്യാരി റിവേഴ്സ് സ്വീപ്പിലൂടെ ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിട്ടപ്പോള്‍ ഓസീസ് സ്കോര്‍ ബോര്‍ഡ് വീണ്ടും അനങ്ങി തുടങ്ങി. 33 പന്തില്‍ 36 റണ്‍സെടുത്ത ക്യാരി റിവേഴ്സ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തില്‍ ബൗള്‍ഡായതോടെ വീണ്ടും ഓസീസിന്‍റെ തകര്‍ച്ച തുടങ്ങി. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെ(0) അശ്വിന്‍ മടക്കി. ടോഡ് മര്‍ഫിയെയും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച പീറ്റര്‍ ഹാന്ഡ്സ്കോംബിനെയും(31) മടക്കിയ ജഡേജ അഞ്ച് വിക്കറ്റ് തികച്ചു.

Scroll to load tweet…

പിന്നാലെ സ്കോട് ബൊളാണ്ടിന്‍റെ(1) മിഡില്‍ സ്റ്റംപിളക്കി അശ്വിന്‍ ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഓസീസിന്‍റെ അവസാന നാലു വിക്കറ്റുകള്‍ അഞ്ച് റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്. അലക്സ് ക്യാരിയുടെ വിക്കറ്റ് വീഴ്ത്തിയതോടെ ടെസ്റ്റ് കരിയറില്‍ അശ്വിന്‍ 450 വിക്കറ്റ് തികച്ചു. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബൗളറാണ് അശ്വിന്‍. 89 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍ 450 വിക്കറ്റ് തികച്ചത്. 80 ടെസ്റ്റില്‍ നിന്ന് 450 വിക്കറ്റ് തികച്ച ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അശ്വിന് മുന്നിലുള്ളത്.