കൂറ്റനടിക്കാരായ ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നാണ് നിലവിലെ ഓസ്ട്രേലിയന്‍ ഏകദിന ടീം

മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ താന്‍ പന്തെറിയില്ലെന്ന് ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്. പരിക്കിനും ശസ്‌ത്രക്രിയക്കും ശേഷമുള്ള തിരിച്ചുവരില്‍ അധികം തിടുക്കം തനിക്കില്ലെന്നും മുംബൈയിലെ ആദ്യ ഏകദിനത്തിന് മുന്നോടിയായി മാര്‍ഷ് പറഞ്ഞു. 

പരിക്ക് ദീര്‍ഘകാലമായി അലട്ടുന്ന മിച്ചല്‍ മാര്‍ഷ് മൂന്ന് മാസത്തോളം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇടത്തേ കാല്‍ക്കുഴയ്ക്ക് താരം ശസ്‌ത്രക്രിയക്ക് വിധേയനായി. മുംബൈയില്‍ നാളെ ഇന്ത്യക്കെതിരെ ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലൂടെ മിച്ചല്‍ മാര്‍ഷ് തിരിച്ചുവരവിന് ഒരുങ്ങുമ്പോഴും താരം ഉടനടി പന്തെറിയാന്‍ താല്‍പര്യപ്പെടുന്നില്ല. പൂര്‍ണതോതില്‍ പന്തെറിയുന്നതില്‍ നിന്ന് താനേറെ അകലെയാണ് എന്നാണ് മാര്‍ഷിന്‍റെ പ്രതികരണം. തിരക്കുപിടിച്ച് ബൗളിംഗ് പുനരാരംഭിക്കേണ്ട സമയമല്ല ഇത്. ഓസീസ് ടീമില്‍ നിരവധി ബൗളിംഗ് ഓപ്‌ഷനുകളുണ്ട്. അടുത്തിടെ ഞാന്‍ ശസ്ത്രക്രിയക്ക് വിധേയനായി. ഓള്‍റൗണ്ട‍ര്‍ എന്ന നിലയില്‍ വലിയ കരിയര്‍ മുന്നിലുള്ളതിനാല്‍ തിരിച്ചുവരാന്‍ തിടുക്കമില്ല. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുമ്പ് വെസ്റ്റേണ്‍ ഓസ്ട്രേലിയക്കായി മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഓസീസ് ടീമിനായി തുടര്‍ന്നും സംഭാവനകള്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകകപ്പ് മുന്നില്‍ നില്‍ക്കേ ടീം സന്തുലിതമാകുന്നതും പരമാവധി ബാറ്റിംഗ് കരുത്തുണ്ടാക്കുന്നതും നിര്‍ണായകമാണ്' എന്നും മിച്ചല്‍ മാര്‍ഷ് കൂട്ടിച്ചേര്‍ത്തു. 

കൂറ്റനടിക്കാരായ ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നാണ് നിലവിലെ ഓസ്ട്രേലിയന്‍ ഏകദിന ടീം. മിച്ചല്‍ മാര്‍ഷിന് പുറമെ കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ തകര്‍പ്പന്‍ ഓള്‍റൗണ്ടര്‍മാരാണ്. ടോപ് ഓര്‍ഡറില്‍ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും സ്റ്റീവ് സ്‌മിത്തും കഴി‌ഞ്ഞാല്‍ പിന്നെ ഓള്‍റൗണ്ടര്‍മാരാണ് ഓസീസ് ബാറ്റിംഗ് നിരയുടെ കരുത്ത് തീരുമാനിക്കുക. 

ഓസീസ് സാധ്യതാ ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക്, ഷോണ്‍ അബോട്ട്, അഷ്‌ടണ്‍ അഗര്‍. 

ഇന്ത്യ-ഓസീസ് ആദ്യ ഏകദിനം ആവേശമാകും; ആരാധകര്‍ക്ക് മത്സരം കാണാന്‍ ഈ വഴികള്‍