പരമ്പരയിലെ വാശിയേറിയ മത്സരങ്ങള്‍ ആരാധകര്‍ക്ക് തല്‍സമയം കാണാനുള്ള വഴികള്‍ ഇവയാണ്

മുംബൈ: ആവേശം നിറഞ്ഞ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര വെള്ളിയാഴ്‌ച ആരംഭിക്കുകയാണ്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം നാളെ ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം ഒന്നരയ്ക്ക് വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഇന്ത്യയും ഓസീസും തമ്മിലുള്ള പോരാട്ടത്തിന് വാശിയേറും. ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യയും സന്ദര്‍ശകരെ സ്റ്റീവ് സ്‌മിത്തുമാണ് നയിക്കുന്നത്. 

പരമ്പരയിലെ വാശിയേറിയ മത്സരങ്ങള്‍ ആരാധകര്‍ക്ക് തല്‍സമയം കാണാനുള്ള വഴികള്‍ ഇവയാണ്. സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ-ഓസീസ് ആദ്യ ഏകദിനം ടെലിവിഷനിലൂടെ ആരാധകരിലേക്ക് എത്തിക്കുന്നത്. ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ മത്സരത്തിന്‍റെ ലൈവ് സ്‌ട്രീമിങ്ങുമുണ്ടാകും. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും മത്സരം നേരില്‍ കാണാം. ഡിഡി സ്പോര്‍ട്‌സില്‍ മത്സരത്തിന്‍റെ സൗജന്യ സംപ്രേഷണവുമുണ്ട്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്‌കട്ട്. 

ഓസ്ട്രേലിയന്‍ സ്‌ക്വാഡ്: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്‌മിത്ത്(ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് ക്യാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇന്‍ഗ്ലിസ്, ഷോണ്‍ അബോട്ട്, ആഷ്‌ടണ്‍ അഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ എല്ലിസ്, ആദം സാംപ. 

ഓസീസിനെതിരായ ആദ്യ ഏകദിനം: അയ്യര്‍ക്ക് പകരമാര്? മൂന്ന് ചോദ്യങ്ങളില്‍ തലപുകച്ച് ടീം ഇന്ത്യ